കയ്പ്പമംഗലം: ശ്രീലങ്കയിൽ നടക്കുന്ന ഏഷ്യൻ മനുഷ്യാവകാശ കോൺഫറൻസിൽ പങ്കെടുക്കുന്ന അദ്ധ്യാപകന് വിദ്യാർത്ഥികൾ യാത്രഅയപ്പ് നൽകി. ശ്രീലങ്കയിലേക്ക് യാത്ര തിരിക്കുന്ന പ്രിയ അദ്ധ്യാപകന് പനിനീർ പൂവ് നല്കിയാണ് വിദ്യാർത്ഥികൾ യാത്രഅയപ്പ് നൽകിയത്.പെരുമ്പടപ്പ് എ.എം.എൽ.പി സ്‌കൂളിലെ അദ്ധ്യാപകനും മനുഷ്യാവകാശ പ്രവർത്തകനുമായ സി.കെ. ബിജോയിക്കാണ് വിദ്യാർത്ഥികളും സഹപ്രവർത്തകരും യാത്രഅയപ്പ് നൽകിയത്. ഏഷ്യൻ ഹ്യൂമൻ റൈറ്റ്‌സ് കമ്മീഷൻ നടത്തുന്ന കോൺഫറൻസിൽ ഏഷ്യൻ രാജ്യങ്ങളിലെ മനുഷ്യാവകാശ സംഘടനകളുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ബിജോയ് അടക്കം നാല് പേരടങ്ങുന്ന ഇന്ത്യൻ ഗ്രൂപ്പിന്റെ ലീഡർ നേർവഴി കൺവീനർ ടി.കെ. നവീനചന്ദ്രനാണ്. ഈ മാസം 11 മുതൽ 16 വരെ കൊളംബോയിലാണ് കോൺഫറൻസ് നടക്കുന്നത്. സി.കെ. ബിജോയ് 2014ൽ ഹോങ്കോങ്ങിൽ നടന്ന മനുഷ്യാവകാശ സമ്മേളനത്തിലും ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയായി പങ്കെടുത്തിരുന്നു. യാത്രഅയപ്പ് യോഗം വലപ്പാട് ഉപജില്ലാ വികസന സമിതി വൈസ് ചെയർമാൻ എ.എ. ജാഫർ ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യപിക പി.ജി. ദേവിക അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.എ. മധുസൂദനൻ, ടീന ചെറുവത്തൂർ, വി.എ. ഷീബ, താഹിറ, പി.എ. അജ്‌വദ് എന്നിവർ സംസാരിച്ചു.