കൊടകര: കളഞ്ഞുകിട്ടിയ രണ്ടരപ്പവന്റെ സ്വർണക്കൈച്ചെയിൻ ഉടമയ്ക്ക് തിരിച്ചുനൽകി സഹോദരങ്ങൾ മാതൃകയായി. കൊടകര കാവുംതറ പടിഞ്ഞാറംകുന്നത്ത് വീട്ടിൽ രാജന്റെ മക്കളായ റിനോഷ്, റിജോഷ് എന്നിവരാണ് ക്ഷേത്രമൈതാനിയിൽ നിന്നും കളഞ്ഞുകിട്ടിയ കൈച്ചെയിൻ ഉടമയായ കുട്ടനെല്ലൂർ കൊല്ലപ്പറമ്പിൽ ജിനോഷിനു തിരികെ നൽകിയത്. തിങ്കളാഴ്ച രാവിലെ കൊടകര പൂനിലാർക്കാവ് ദേവീക്ഷേത്രത്തിൽ ദർശനം നടത്തി തിരിച്ചുപോകുന്നതിനിടെയാണ് ജിനോഷിനു കൈച്ചെയിൻ നഷ്ടപ്പെട്ടത്. ഈ വഴി ബൈക്കിൽ പോകുകയായിരുന്ന സഹോദരങ്ങൾക്ക് കൈച്ചെയിൻ ലഭിക്കുകയും കൊടകര പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. പൊലീസിന്റെ സാന്നിദ്ധ്യത്തിൽ കൈച്ചെയിൻ ഉടമയ്ക്കു തിരിച്ചുനൽകി.