തൃശൂർ: സമൂഹത്തിലെ പരിചിതമല്ലാത്ത വേറിട്ട കാഴ്ചകളും ചിന്തകളും മാതാപിതാക്കളുമായി കുട്ടികൾ പങ്കുവയ്ക്കണമെന്ന് കളക്ടർ ടി.വി. അനുപമ. കേരളകൗമുദിയും സംസ്ഥാന എക്‌സൈസ് വകുപ്പും സംയുക്തമായി തൃശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
വിദ്യാർത്ഥി ജീവിതത്തിൽ ഓരോരുത്തർക്കും ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാൻ അവകാശമുണ്ട്. പക്ഷെ, തെറ്റായ സുഹൃദ് വലയങ്ങൾ ചുറ്റുമുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് ഗുണകരമായിരിക്കില്ല. അനുഭവസമ്പത്തുള്ള രക്ഷകർത്താക്കൾക്ക് കുട്ടികളുടെ നന്മ മാത്രമേ ലക്ഷ്യമുള്ളൂ. അതുകൊണ്ടു തന്നെ വേറിട്ട കാഴ്ചകളിലും ചിന്തകളിലും അവരുടെ സഹായത്തോടെ നടത്തുന്ന തിരഞ്ഞെടുപ്പ് ജീവിതത്തിൽ മുതൽക്കൂട്ടാകും.
തെറ്റുകൾ കാണുമ്പോൾ ചൂണ്ടിക്കാട്ടാനും തിരുത്താനും ഇന്ന് അവരുണ്ടാകും. നാളെ മുതിർന്ന പൗരനാകുമ്പോൾ വിദ്യാർത്ഥിയാണെന്ന പരിഗണന ലഭിക്കില്ല. തെറ്റായ തീരുമാനങ്ങൾ തിരുത്താനുള്ള അവസരമാണ് രക്ഷകർത്താക്കളും അദ്ധ്യാപകരും വിദ്യാർത്ഥികൾക്ക് നൽകുന്നത്.

തെറ്റുകൾ ചെയ്യുമ്പോൾ വഴക്കുപറയുകയും അടിക്കുകയും ചെയ്യുന്ന രക്ഷാകർത്താക്കളുടെ മനസിൽ അൽപ്പനേരത്തേക്ക് മാത്രമേ ദേഷ്യമുണ്ടാവൂ. ചെയ്ത തെറ്റിൽ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തുകയെന്ന ചിന്ത മാത്രമേ അവർക്കുണ്ടാകൂ. അവരെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കുറിച്ചുള്ള ഒരു കരുതൽ സൂക്ഷിക്കുന്നുണ്ട്. സർഗാത്മകത എന്നത് കേവലം ഒരു ചിത്രം വരയ്ക്കലോ കവിത എഴുതലോ മാത്രമല്ല. നല്ല സുഹൃത്തുക്കളുമായി സംസാരിച്ചാലും നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന സർഗാത്മകതയ്ക്ക് രൂപം നൽകാനാകുമെന്നും കളക്ടർ പറഞ്ഞു.
സ്‌കൂൾ പ്രിൻസിപ്പൽ ഡോ. അബി പോൾ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എ.കെ. നാരായണൻകുട്ടി, സർക്കിൾ ഇൻസ്‌പെക്ടർ ടി.പി. ജോർജ്ജ് എന്നിവർക്കുള്ള ഉപഹാരം കളക്ടർ ടി.വി. അനുപമ സമ്മാനിച്ചു. ഹെഡ്മിസ്ട്രസ് റെമി ചുങ്കത്ത്, പി.ടി.എ. പ്രസിഡന്റ് കരോളി ജോഷ്വാ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.പി. ജോർജ്ജ് എന്നിവർ സംസാരിച്ചു. കേരളകൗമുദി ബ്യൂറോ ചീഫ് പ്രഭുവാര്യർ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി ക്രിസ്റ്റൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ എ.കെ. നാരായണൻകുട്ടി തുടർന്ന് സെമിനാറിൽ ക്‌ളാസെടുത്തു.