തൃശൂർ: എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) രൂപീകരിച്ച് ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോൾ സ്ഥാപക ജനറൽ സെക്രട്ടറിയും സ്വാതന്ത്ര്യസമര സേനാനിയുമായ ശിബ്ദാസ് ഘോഷിന്റെ പ്രതിമ തൃശൂരിൽ സ്ഥാപിക്കുന്നു. എസ്.യു.സി.ഐ മൂന്നാം സംസ്ഥാന സമ്മേളനം ഇന്ന് തൃശൂരിൽ തുടങ്ങുന്നതിന്റെ ഭാഗമായാണ് ഘോഷിന്റെ അർദ്ധകായ ശിൽപം പ്ലാസ്റ്റർ ഒഫ് പാരീസിൽ നിർമ്മിച്ചത്. മോൾഡ് രൂപപ്പെടുത്തി ശിൽപ്പം വെങ്കലത്തിലാക്കി പൂങ്കുന്നത്തുളള പാർട്ടി ഒാഫീസിൽ സ്ഥാപിക്കും. സാഹിത്യ അക്കാഡമിയുടെ മുഖ്യകവാടത്തിലാണ് സമ്മേളനത്തിന്റെ ഭാഗമായി ശിൽപം സ്ഥാപിച്ചിട്ടുള്ളത്. എസ്.യു.സി.ഐ പ്രവർത്തകനും ശിൽപിയുമായ സി. ഹണിയാണ് നിർമ്മിച്ചത്.
1923 ആഗസ്റ്റ് 5 ന്, ഇന്ന് ബംഗ്ലാദേശിൽപ്പെടുന്ന അന്നത്തെ ബംഗാളിലെ ഢാക്കയ്ക്ക് സമീപം പശ്ചിംദിയിൽ ജനിച്ച ശിബ്ദാസ് ഘോഷ് 13 വയസുള്ളപ്പോൾ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൽ ചേർന്നു. യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിയായി ആർ.എസ്.പി രൂപീകരിക്കാനുള്ള ശ്രമങ്ങൾക്കും തുടക്കമിട്ടു. 1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പ്രധാനപങ്ക് വഹിച്ചു. അക്കാലത്ത് അദ്ദേഹം അറസ്റ്റിലാകുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. 1945 ൽ ജയിൽമോചിതനായി. ആർ.എസ്.പി യെ മാർക്‌സിസ്റ്റ് – ലെനിനിസ്റ്റ് പാർട്ടിയെന്ന നിലയിൽ കെട്ടിപ്പടുക്കാൻ അദ്ദേഹം ശ്രമിച്ചെങ്കിലും സഫലമായില്ല. ആർ.എസ്.പിക്കുള്ളിൽ നടത്തിയ സമരത്തിന്റെ തുടർച്ചയായാണ് 1948 ൽ എസ്.യു.സി.ഐ രൂപീകരിച്ചത്.ശിബ്ദാസ് ഘോഷിന്റെയും എസ്.യു.സി.ഐയുടെയും പ്രത്യയശാസ്ത്രങ്ങളിൽ ആകൃഷ്ടനായ ഹണി, പാർട്ടി പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി ചിത്രങ്ങളും ശിൽപ്പങ്ങളും ഒരുക്കിയിട്ടുണ്ട്. ആലപ്പുഴ അമ്പലപ്പുഴ സ്വദേശിയാണ്. സ്കൂൾ ഒഫ് ആർട്സിൽ നിന്ന് ഡിപ്ളോമ നേടി. ഹിപ്പോക്രാറ്റസ്, കുഞ്ചൻനമ്പ്യാർ, സരസ്വതി തുടങ്ങിയ 25 ഒാളം ശിൽപ്പങ്ങൾ ഒരുക്കിയിട്ടുണ്ട്.