തൃശൂർ: ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഒപ്പിടാതെ കേരള സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുന്നത് സാധാരണക്കാരോടും തൊഴിലാളികളോടും കാണിക്കുന്ന കടുത്ത വഞ്ചനയാണെന്ന് ബി.എം.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ശിവജി സുദർശൻ. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടുവിലാൽ പരിസരത്ത് ആരംഭിച്ച രാപ്പൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയുഷ്മാൻ ഭാരത് കേന്ദ്ര പദ്ധതിയായതുകൊണ്ടും രാഷ്ട്രീയവിരോധം കൊണ്ടും മാത്രമാണ് സംസ്ഥാന സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുന്നത്. സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയുടെ ഭാഗമായ വിധവ പെൻഷൻ, വാർദ്ധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ എന്നിവ ഇല്ലാതാക്കാനുള്ള കേരള സർക്കാർ ശ്രമം പിൻവലിക്കണം. പ്രളയബാധിതർക്ക് ധനസഹായം നൽകുന്നതിൽ അഴിമതിയും രാഷ്ട്രീയവും കലർത്തുന്നതിൽ നിന്ന് സർക്കാർ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എ.സി. കൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.കെ. ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി.സി. സേതുമാധവൻ, കെ. മോഹൻദാസ്, സേതു തിരുവെങ്കിടം, കെ.എൻ. വിജയൻ, കെ. രാമൻ, അംബിക ബാബു, പി. ഗോപിനാഥ്, കെ.വി. വിനോദ്, പി.വി. ഷാജി, എം.എസ്. സുനിൽ, പി. ആനന്ദൻ, സി. കണ്ണൻ, സി.കെ. പ്രദീപ്, കെ.ബി. സോമൻ, സുരേഷ് കള്ളായി എന്നിവർ സംസാരിച്ചു.