പട്ടിക്കാട്: ദേശീയപാതയിലെ അപകടങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി നടത്തുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ദേശീയപാത 544ലെ കുതിരാൻ മേഖല ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാണഞ്ചേരി ബ്ലോക്ക് കമ്മിറ്റി നടത്തിയ അനിശ്ചിതകാല സത്യഗ്രഹത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയപാതയുടെ ഗുരുതരാവസ്ഥയിൽ ഇതിനകം 55 പേരുടെ ജീവൻ പൊലിയുകയും നിരവധി പേർക്ക് അപകടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇവരെല്ലാം നഷ്ടപരിഹാരത്തിന് അർഹരാണ്. ദേശീയപാതയിൽ മരിച്ചവരുടെ വിവരങ്ങൾ എത്രയും പെട്ടെന്ന് സംഘടിപ്പിച്ചു കൊടുക്കണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
30 ദിവസമായി നടക്കുന്ന നിരാഹാര സമരത്തിന് നേതൃത്വം നൽകിയ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷിനെ ഉമ്മൻചാണ്ടി ഹാരാർപ്പണം നടത്തി. കെ.സി. അഭിലാഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളയ ഒ. അബ്ദുൾറഹിമാൻ കുട്ടി, എം.പി. വിൻസെന്റ്, ജൈജു സെബാസ്റ്റ്യൻ, ഭാസ്കരൻ ആതൻകാവിൽ, ഷാജി കോടങ്കണ്ടത്ത്, ലീലാമ്മ തോമസ്, ടി.ജെ. സനീഷ് കുമാർ, തൃതല പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.
അടിപ്പാതകൾ, കാനകൾ തുടങ്ങീ ദേശീയപാത നിർമാണം പൂർണ്ണമായും കഴിയുന്നതുവരെ തുടർസമരങ്ങൾ നടത്തുമെന്ന് കെ.സി. അഭിലാഷ് അറിയിച്ചു.