തൃശൂർ: ശബരിമല പ്രശ്നത്തിൽ മതേതര ജനാധിപത്യ പാർട്ടികളിലെ നേതാക്കൾ വോട്ടുബാങ്കിനുവേണ്ടി സമൂഹത്തെ പിന്നോട്ടുകൊണ്ടുപോകുന്ന സമരങ്ങളെ പിന്തുണയ്ക്കുന്നത് സാമൂഹിക ദ്രോഹമാണെന്നും അപമാനങ്ങളുടെയും വിവേചനങ്ങളുടെയും ചരിത്രത്തിലേക്ക് തിരിഞ്ഞുനടക്കണോയെന്ന് സ്ത്രീകൾ ആലോചിക്കണമെന്നും എഴുത്തുകാർ പ്രസ്താവനയിൽ പറഞ്ഞു. തുല്യതയും ലിംഗനീതിയും ഉറപ്പ് നൽകുന്ന ഇന്ത്യൻ ഭരണഘടനയ്ക്കും സ്ത്രീകളുടെ അന്തസ്സിനും എതിരായ സമരങ്ങളാണ് നടക്കുന്നത്. സതി, ശൈശവവിവാഹം, വിധവാവിവാഹവിലക്ക്, തൊട്ടുകൂടായ്മ, ദളിത് ജനവിഭാഗങ്ങൾക്ക് പൊതുവഴിയിൽ ഏർപ്പെടുത്തിയിരുന്ന സഞ്ചാരനിരോധനം തുടങ്ങിയവയൊക്കെ നൂറ്റാണ്ടുകളോളം പരിപാലിച്ചുപോന്ന ആചാരങ്ങളായിരുന്നു. ഇത്തരം ആചാരാനുഷ്ഠാനങ്ങളെ മറികടന്നാണ് ഇന്നത്തെ അവസ്ഥയിലെത്തിയിട്ടുള്ളത്. ആചാരസംരക്ഷണത്തിനുവേണ്ടി നടക്കുന്ന \'നാമജപ പ്രാർത്ഥനായജ്ഞം\' സവർണ്ണ മേൽക്കോയ്മയും സ്ത്രീവിരുദ്ധതയുമെല്ലാം തിരിച്ചുകൊണ്ടുവരാനുള്ള ഹീനശ്രമങ്ങളാണെന്നും എം.ജി.എസ് നാരായണൻ, ആനന്ദ്, സാറ ജോസഫ്, കെ. വേണു, സക്കറിയ, ബി.ആർ.പി. ഭാസ്‌കർ, എം.എൻ. കാരശ്ശേരി, കെ.ജി. ശങ്കരപ്പിള്ള, സി.ആർ. പരമേശ്വരൻ, ടി.ടി. ശ്രീകുമാർ, കെ. അരവിന്ദാക്ഷൻ, കെ.ആർ. മീര, ജോയ് മാത്യു, ശാരദക്കുട്ടി, പി. ഗീത, എം. ഗീതാനന്ദൻ, സണ്ണി കപിക്കാട്, ജെ. രഘു, കൽപ്പറ്റ നാരായണൻ, സാവിത്രി രാജീവൻ, മൈത്രേയൻ, സി.വി. ബാലകൃഷ്ണൻ, ഡോ. എ.കെ. ജയശ്രീ, പി. സുരന്ദേരൻ, കെ. കരുണാകരൻ, പി.പി. രാമചന്ദ്രൻ, പി.എൻ. ഗോപികൃഷ്ണൻ, കെ. ഗിരീഷ് കുമാർ, അൻവർ അലി, കെ. സഹദേവൻ, മുരളി വെട്ടത്ത് എന്നിവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.