തൃശൂർ: പ്രൊഫ. വി. അരവിന്ദാക്ഷൻ പുരസ്‌കാരത്തിന് ചരിത്രകാരി ഡോ. റൊമില ഥാപ്പർ അർഹയായതായി അരവിന്ദാക്ഷൻ ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെട്ടതാണ് അവാർഡ്. എം.എ. ബേബി ചെയർമാനും ഡോ. കെ സച്ചിദാനന്ദൻ, ഡോ. കെ.പി. മോഹനൻ, പ്രൊഫ. സി. വിമല, ഡോ. കാവുമ്പായി ബാലകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ചരിത്ര ഗവേഷക, അദ്ധ്യാപിക, പ്രഭാഷക, എഴുത്തുകാരി, എന്നീ നിലകളിൽ പ്രശസ്തയായ റൊമില ഥാപ്പർ സാമൂഹിക പ്രശ്‌നങ്ങളിൽ ദീർഘകാലമായി ഇടപെടൽ നടത്തിയിരുന്നു. 1992ലും 2005ലും പത്മഭൂഷൺ ബഹുമതിക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും നിരസിച്ചു. അരവിന്ദാക്ഷൻ അനുസ്മരണവും സ്മാരക പ്രഭാഷണവും 17ന് വൈകിട്ട് അഞ്ചിന് സാഹിത്യ അക്കാഡമി ഹാളിൽ നടക്കും.

ജനാധിപത്യം: സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ പി. രാജീവ് സ്മാരക പ്രഭാഷണം നടത്തും. ശ്രീ കേരളവർമ കോളജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. ആർ. ഗോപാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നിർവഹിക്കും. പ്രബന്ധ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനം കെ. രാജൻ എം.എൽ.എ വിതരണം ചെയ്യും. ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. കാവുമ്പായി ബാലകൃഷ്ണൻ, സെക്രട്ടറി പി.എസ്. ഇക്ബാൽ, പ്രൊഫ. ഐശ്വര്യ എസ്. ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.