തൃശൂർ: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ നിലപാട് തിരുത്താൻ തയ്യാറാകണമെന്നും അല്ലെങ്കിൽ വിശ്വാസികൾ തിരുത്തിക്കുമെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ജില്ലാ കമ്മിറ്റി തൃശൂരിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയെ തകർക്കുകയെന്ന രാഷ്ട്രീയ അജണ്ടയാണുള്ളത്. തുലാമാസം ഒന്നിന് പതിനെട്ടാംപടി കയറുമെന്ന് പറയാൻ എന്തുകൊണ്ടാണ് സി.പി.എമ്മിലെ വനിതാ നേതാക്കൾ തയ്യാറാകത്തത്. റിവ്യു പെറ്റീഷൻ നൽകുമെന്ന് ആദ്യം പറയുകയും പിന്നീട് തിരുത്തുകയും ചെയ്ത ദേവസ്വം ബോർഡ് പ്രസിഡന്റ് ആണും പെണ്ണും കെട്ടവനായി മാറിയെന്നും സുരേന്ദ്രൻ പറഞ്ഞു.

ശബരിമല വിഷയം ഉയർത്തിക്കാട്ടിയാണ് ഇ.എം.എസ് സർക്കാർ അന്ന് അധികാരത്തിലേറിയതെങ്കിൽ ഇതേ വിഷയത്തിൽ തന്നെ സി.പി.എമ്മിന്റെ അന്ത്യം കുറിക്കലായി മാറും. സർക്കാർ ദുരഭിമാനം വെടിഞ്ഞ് ആചാരം സംരക്ഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ. നാഗേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. അനീഷ് കുമാർ സ്വാഗതവും കെ.പി. ജോർജ്ജ് നന്ദിയും പറഞ്ഞു. പ്രതിഷേധ യോഗത്തിന് മുന്നോടിയായി നടന്ന നാമജപ പ്രദക്ഷിണത്തിന് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂർണ്ണ, വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, പട്ടികജാതി മോർച്ച അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, പി.എസ്. ശ്രീരാമൻ, പി.എം. ഗോപിനാഥ്, അഡ്വ. രവികുമാർ ഉപ്പത്ത്, സുരേന്ദ്രൻ ഐനിക്കുന്നത്ത്, അഡ്വ. ഉല്ലാസ് ബാബു, ജസ്റ്റിൻ ജേക്കബ്ബ്, ഇ.വി. കൃഷ്ണൻ നമ്പൂതിരി, പി. ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി. നാമജപ ഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരന്നു.