surveyor
ഭൂമി

തൃശൂർ: ഭൂമിയുടെ ന്യായ വില നിർണയത്തിൽ വ്യക്തമായ മാർഗ നിർദ്ദേശങ്ങളുടെയും നടപടിക്രമങ്ങളുടെയും അഭാവമുണ്ടായിയെന്ന് കംപ്‌ട്രോളർ ആൻഡ് ആഡിറ്റർ ജനറലിന്റെ കണ്ടെത്തൽ. പൊതുജനപങ്കാളിത്തമില്ലായ്മയും വിവിധ കമ്മിറ്റികളുടെ അഭാവവുമാണ് പാളിച്ചയ്ക്ക് പിന്നിലെന്നാണ് റിപ്പോർട്ട്. പിഴവ് തിരുത്തി ഭൂമിയുടെ ന്യായ വില വീണ്ടും നിർണയിക്കുന്നതിന് മുന്നോടിയായി റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആറു കാര്യങ്ങളാണ് പ്രധാന പോരായ്മയായി റിപ്പോർട്ടിലുള്ളത്. വില്ലേജുകളിൽ ഭൂമിയുടെ ന്യായവില നിർണയം മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. മുമ്പുണ്ടായ പിഴവുകൾ തിരുത്താൻ വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങളും ആഡിറ്റർ ജനറൽ വ്യക്തമാക്കി. പ്രളയത്തിന് ശേഷം ജോലിഭാരം കൂടുതലുള്ള വില്ലേജ് ഓഫീസർമാർക്ക് ഭൂമിയുടെ ന്യായവില നിർണയിക്കാനുള്ള ഉത്തരവാദിത്വം കൂടി വന്നുചേർന്നതോടെ കൂനിൻമേൽ കുരു പോലെയായി കാര്യങ്ങൾ.
നവംബർ ഒന്നുമുതൽ 2019 ജനുവരി 31നുള്ളിൽ ഭൂമി വിലനിർണയ പ്രവൃത്തി പൂർത്തീകരിക്കാനാണ് നിർദ്ദേശം. അടിസ്ഥാനതല സമിതികൾ രൂപവത്കരിക്കേണ്ടത് വില്ലേജ് ഓഫീസർമാരാണ്. ഡെപ്യൂട്ടി തഹസിൽദാർ, പഞ്ചായത്ത് സെക്രട്ടറി, സബ് രജിസ്ട്രാർ ഓഫീസർ എന്നിവരാണ് ന്യായവില നിർണയ സമിതിയിലെ അംഗങ്ങൾ.

വില്ലേജ് ഓഫീസർമാർക്ക് തൊന്തരവ്


സർവേ സബ്ഡിവിഷനുകളിലെ ചെറിയ കൈവശ ഭൂമികൾ വരെ നേരിട്ട് പരിശോധിച്ച് വിലനിർണയിച്ച് റെക്കാഡ് തയ്യാറാക്കുന്ന ജോലിക്ക് വില്ലേജ് ഓഫീസർമാരെ ചുമതലപ്പെടുത്താനാണ് നീക്കം. ഒരു ദിവസം ശരാശരി 250 കൈവശ ഭൂമിയെങ്കിലും പരിശോധിച്ചാലേ സമയ പരിധിക്കുള്ളിൽ ജോലി തീർക്കാനാവൂ. സ്ഥലം പരിശോധിച്ച് കമ്പോളവിലയ്ക്കനുസരിച്ച് ഗതാഗത സൗകര്യം, ഭൂമിശാസ്ത്രപരമായ കിടപ്പ്, ഭൂമിയുടെ തരം, കൃഷിയോഗ്യത, സമാനഭൂമിയുടെ ആധാരങ്ങളിലെ വില എന്നിവ കണക്കിലെടുക്കണം. ഇത് കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്തുതീർക്കാൻ കഴിയില്ലെന്ന് വില്ലേജ് ഓഫീസർമാർ പരാതിപ്പെടുന്നു.

എങ്ങനെ, എപ്പോൾ

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വോട്ടർ പട്ടിക പുതുക്കൽ, പോളിംഗ് ബൂത്തുകളുടെ സൗകര്യമൊരുക്കൽ, റവന്യൂ ഊർജ്ജിത പിരിവ് തുടങ്ങിയവയുടെ ജോലിത്തിരക്കിലാണ് വില്ലേജ് ഓഫീസർമാർ. വില്ലേജ് ഓഫീസുകളിലെ മറ്റ് ദൈനംദിന ജോലികൾ വരെ മാറ്റി വയ്‌ക്കേണ്ട അവസ്ഥയിലാണ് ഇവർ.

നേരത്തെയുണ്ടായ മറ്റ് പിഴവുകൾ

1. എല്ലാ സർവേ നമ്പറുകളിലും ഉള്ള ഭൂമിയുടെ ന്യായവില നിർണയം നടത്തിയില്ല
2. ഭൂമിയുടെ യഥാർത്ഥ ഉപയോഗം കണക്കിലെടുക്കാതെ ന്യായവില നിർണയം നടത്തി
3. ഒരേ ക്‌ളാസിഫിക്കേഷനിലെ ഭൂമിക്ക് വ്യത്യസ്ത ന്യായവില നിർണയിച്ചു
4. വിപണി മൂല്യം കൃത്യമായി നിർവചിച്ചില്ല

ഇനി ശ്രദ്ധിക്കേണ്ടത്

1. സർവേ വകുപ്പിന്റെ സഹകരണത്തോടെ ന്യായവില നിർണയിക്കുക
2. വർഗ്ഗീകരണത്തിന് വ്യക്തമായ നിർവചനം നൽകുക
3. ന്യായവില നിർണയത്തിനുള്ള മാനദണ്ഡം മുൻകൂട്ടി നിശ്ചയിക്കുക.
4. ഒരേ റോഡുകളോ പൊതു അതിർത്തികളോ പങ്കിടുന്ന ഭൂമിക്ക് ഒരേ ന്യായ വില നൽകുക.

ഇന്ന് പരിശീലനം

ഭൂമിയുടെ ന്യായവില നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ റവന്യൂ ജീവനക്കാർക്കുള്ള പരിശീലനം ഇന്ന് കളക്ടറേറ്റിൽ നടക്കും.