തൃശൂർ: പൊലീസ് കോമെമ്മറേഷൻ ദിനാചരണത്തിന്റെ ഭാഗമായി അഞ്ച് കിലോമീറ്റർ ദൂരത്തേക്കുള്ള കൂട്ടയോട്ടം റൺ തൃശൂർ 20ന് തൃശൂർ നഗരത്തിൽ നടക്കും. രാവിലെ ആറിന് പട്ടാളം റോഡിലെ കമ്മിഷണർ ഓഫീസിന് മുൻവശത്ത് നിന്നാംരംഭിച്ച് റൗണ്ടിലെത്തി, നഗര പ്രദക്ഷിണം ചെയ്ത് തെക്കേഗോപുര നടയിൽ ഓട്ടം അവസാനിക്കും. മത്സരത്തിൽ ആദ്യം ഓടിയെത്തുന്ന 10 പേർക്ക് പ്രോത്സാഹ സമ്മാനങ്ങൾ നൽകും. രക്തദാനം, സെമിനാർ, കൂട്ടയോട്ടം, സ്മരണ പരേഡ് എന്നിവ ഇതോടനുബന്ധിച്ച് നടക്കും. കുന്നംകുളം, തൃശൂർ, ഗുരുവായൂർ സബ് ഡിവിഷനുകളിൽ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രങ്ങളിൽ 21 ന് രക്തദാനം നടത്തും. പൊതുജനങ്ങൾക്കും, യൂത്ത്ക്ലബ്ബ് ഭാരവാഹികൾക്കും കേന്ദ്രത്തിലെത്തി രക്തം നൽകാം. 21 ന് രാവിലെ എട്ടിന് തേക്കിൻകാട് മൈതാനിയിൽ പരേഡും സെമിനാറും നടക്കും. റേഞ്ച് ഐ.ജി എം.ആർ. അജിത്കുമാർ പരേഡിനെ അഭിവാദ്യം ചെയ്യും. പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിക്കും. കമ്മിഷണർ ജി.എച്ച് യതീഷ്ചന്ദ്ര അനുസ്മരണം നടത്തും. സേനാംഗങ്ങളുടെ ധീരത, ത്യാഗം എന്നിവ ചടങ്ങിൽ പ്രതിപാദിക്കും.
രജിസ്‌ട്രേഷൻ ആരംഭിച്ചു
സന്നദ്ധസംഘടനാ പ്രവർത്തകർ, വാക്കേഴ്സ് ക്ലബ്ബ്, യുവജന ക്ലബ്ബുകൾ, കുടുംബശ്രീ, സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ എന്നിവർക്കെല്ലാം പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. ആദ്യം രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്നവർക്ക് ടീഷർട്ട്, സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും. 20ന് രാവിലെ ആറിന് കമ്മിഷണർ ഓഫീസിന് മുൻവശത്താണ് രജിസ്‌ട്രേഷൻ ചെയ്തവർ എത്തിച്ചേരേണ്ടത്. വിവരങ്ങൾക്ക് https://www.facebook.com/thrissurcitypolice/ സന്ദർശിക്കുക. ഫോൺ 9497917608, 9497917705. . . .