തൃശൂർ: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിൽ സി.പി.എം കോടികൾ തിരിമറി നടത്തുകയാണെന്ന് ബി.എം.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ ആരോപിച്ചു. ബി.എം.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച്ച രാവിലെ 10 മുതൽ നടന്ന ഉപവാസ സമരത്തിന്റെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഊരാളുങ്കൽ സൊസൈറ്റിയെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഏൽപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് ഇത് വ്യക്തമാണ്. ദുരിതാശ്വാസ ഫണ്ടിന്റെ പേരിൽ സർക്കാർ ജീവനക്കാരിൽ നിന്നും തൊഴിലാളികളിൽ നിന്നും പണം പിടിച്ചു പറിക്കുന്നതിനെതിരെ ഉണ്ടായ ഹൈക്കോടതി വിധി സർക്കാരിന്റെ നിലപാടുകൾക്കേറ്റ പ്രഹരമാണെന്നും അദ്ദേഹം പറഞ്ഞു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് എ.സി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ടി.യു സംസ്ഥാന പ്രസിഡന്റ് സദാനന്ദൻ മാസ്റ്റർ, ബി.എം.എസ് ജില്ലാ ഭാരവാഹികളായ എം.കെ. ഉണ്ണികൃഷ്ണൻ, ടി.സി. സേതു മാധവൻ, സേതു തിരുവെങ്കിടം, കെ.എൻ. വിജയൻ, പി. ആനന്ദൻ, കെ. സുരേഷ്‌ കുമാർ എന്നിവർ സംസാരിച്ചു. ബി.എം.എസ് നടത്തിയ രാപ്പകൽ സമരത്തിന്റെ സമാപന പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യുന്നു