മാള: നടപ്പാക്കാത്ത പദ്ധതികൾ നടപ്പാക്കിയെന്ന് പരസ്യം നൽകി കേന്ദ്ര സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സി.പി.ഐ നേതാവ് കെ.പി. രാജേന്ദ്രൻ പറഞ്ഞു. മോദി സർക്കാരിനെ പുറത്താക്കി രാജ്യത്തെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ മണ്ഡലം കാൽനട ജാഥ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണക്കാരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞ കേന്ദ്ര സർക്കാർ അവരെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിച്ചത്. കള്ളം പറഞ്ഞുള്ള പരസ്യങ്ങളിലൂടെയാണ് മോദി നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്നമനടയിൽ നടന്ന ഉദ്‌ഘാടന പൊതുയോഗത്തിൽ അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജാഥ നയിക്കുന്ന മണ്ഡലം സെക്രട്ടറി ടി.എം. ബാബു, കെ.വി. വസന്ത്‌കുമാർ, കെ.ജി. ശിവാനന്ദൻ, സി.സി. വിപിൻചന്ദ്രൻ, ലളിത ചന്ദ്രശേഖരൻ, സുമ ശിവൻ, പി.പി. സുഭാഷ്, ഇ.കെ. അനിലൻ, ടി.കെ. ഗോപി, പി.എ. അസീസ് തുടങ്ങിയവർ സംസാരിച്ചു. ജാഥ വിവിധ സ്ഥലങ്ങളിലെ സ്വീകരണ ശേഷം ഞായറാഴ്ച വൈകീട്ട് കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ സമാപിക്കും.