കൊടകര: സഹൃദയ എൻജിനിയറിംഗ് കോളേജിന്റെ പ്രവർത്തനം ഇനി മുതൽ സൗരോർജ്ജ വൈദ്യുതിയിൽ. കോളേജിലെ സൗരോർജ്ജ വൈദ്യുതി നിലയം മാനേജർ മോൺ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോർജ് പാറേമാൻ അദ്ധ്യക്ഷനായി. 80 കിലോവാട്ട് ശേഷിയുള്ള നിലയമാണ് സ്ഥാപിച്ചിരിക്കുന്നത്.

പ്രവൃത്തി ദിവസങ്ങളിൽ കോളേജിന്റെ വൈദ്യുതി ഉപയോഗത്തിന്റെ അമ്പത് ശതമാനവും അവധി ദിവസങ്ങളിൽ മൂന്ന് ഹോസ്റ്റലുകളും കാന്റീനുമടക്കം പൂർണമായും പ്രവർത്തിക്കുക സൗരോർജ്ജ വൈദ്യുതിയിലാകും. ബാക്കി വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നൽകും. വൈദ്യുതി വകുപ്പ് ഇരിങ്ങാലക്കുട സൂപ്രണ്ടിംഗ് സെക്‌ഷന് കീഴിലുള്ള ഏറ്റവും വലിയ സൗരോർജ്ജ നിലയമാണ് സഹൃദയയിലേത്.

അനർട്ടിന്റെ സഹായത്തോടെ അരക്കോടിയിലേറെ രൂപ ചെലവിൽ നിർമ്മിച്ച പ്ലാന്റിനായി കോളേജ് കെട്ടിടത്തിന്റെ മുകളിൽ 320 സൗരോർജ്ജ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ചടങ്ങിൽ ഫിനാൻസ് ഓഫീസർ ഫാ. തോമസ് വെളക്കനാടൻ, പ്രിൻസിപ്പൽ ഡോ. നിക്‌സൻ കുരുവിള, ജോ. ഡയറക്ടർ ഡോ. സുധ ജോർജ് വളവി തുടങ്ങിയവർ പ്രസംഗിച്ചു.