ചാലക്കുടി: 2018- 19 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ അവശേഷിക്കുന്ന റോഡ് നിർമ്മാണത്തിന് ആവശ്യമായ ടാർ ചാലക്കുടി നഗരസഭ നേരിട്ട് വാങ്ങി കോൺട്രാക്ടർമാർക്ക് നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചു. പദ്ധതി കാലാവധി അവസാനിക്കുമ്പോഴും ഭൂരിഭാഗം റോഡുകളുടെയും ടാറിംഗ് നടക്കാത്ത സാഹര്യത്തിലാണ് തീരുമാനം.
2019-20 സാമ്പത്തിക വർഷത്തേക്ക് സമർപ്പിക്കപ്പെട്ട പദ്ധതികളുടെ കരട് നിർദ്ദേശങ്ങൾക്കും ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകാരം നൽകി. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭയിലെ വർക്കിംഗ് ഗ്രൂപ്പുകളിൽ ജൈവ വൈവിദ്ധ്യ മാനേജ്‌മെന്റിനെ കൂടി ഉൾപ്പെടുത്താൻ യോഗം തീരുമാനിച്ചു. ഇതിനായി രണ്ട് ഡിങ്കി ബോട്ടുകളും ഹിറ്റാച്ചികളും വാങ്ങും.
നൂറുപേർക്ക് പരിശീലനം നൽകി നഗരസഭയിൽ ദുരന്ത നിവാരണ സേന രൂപീകരിക്കാനും യോഗം തീരുമാനിച്ചു. വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, ഷിബു വാലപ്പൻ, പി.എം. ശ്രീധരൻ, മേരി നളൻ, ഉഷ പരമേശ്വരൻ, ബിജി സദാനന്ദൻ തുടങ്ങിയവർ ചർച്ചയിൽ പെങ്കെടുത്തു.