തൃശൂർ: വിശ്വാസം, ഭരണഘടനയ്ക്ക് അതീതമല്ലെന്ന് പ്രഖ്യാപിച്ചും ആർത്തവം അശുദ്ധിയല്ലെന്ന് പ്രഖ്യാപിച്ചും തൃശൂരിൽ വിവിധ സാംസ്കാരിക പുരോഗമന സ്ത്രീ സംഘടനകളുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ റാലി. തൃശൂർ സാഹിത്യ അക്കാഡമി പരിസരത്ത് തുടങ്ങിയ റാലി തെക്കേ ഗോപുരനടയിൽ സമാപിച്ചു. വിയർപ്പും മൂത്രവും പോലെത്തന്നെയാണ് ആർത്തവ രക്തവുമെന്നും അത് അശുദ്ധിയായി കാണുന്നത് യുക്തിരാഹിത്യമാണെന്ന് തെക്കേഗോപുരനടയിൽ നടന്ന സമാപനച്ചടങ്ങിൽ പാർവതി പവനൻ അഭിപ്രായപ്പെട്ടു. ലിംഗനീതി കാത്തുസൂക്ഷിച്ച വിധിയിൽ റിവ്യൂ ഹർജി പോകേണ്ട കാര്യമില്ലെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. മീരാഭായി അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിൽ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സംഘപരിവാർ ശക്തികൾ നടത്തുന്ന വർഗീയ മുതലെടുപ്പ് തുറന്നുകാട്ടണമെന്ന് ഡോ. വി.ജി ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം.എൻ. വിനയകുമാർ. യുവകലാസാഹിതി ജില്ല സെക്രട്ടറി. സി.വി പൗലോസ്, അഡ്വ. കെ.ആശ, രേഷ്മ രമേശ് , ഡോ. കെ.വി.ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു. കാവുമ്പായി ബാലകൃഷ്ണൻ, ഇ.എം.സതീശൻ, ജോർജ് പുലിക്കുത്തിയിൽ, ദീപ നിശാന്ത്, ലില്ലി പാലോക്കാരൻ, ടി.സത്യനാരായണൻ, അനിൽ പരയ്ക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.. .