കൊടകര: പ്രളയത്തിൽ തകർന്ന വീടുകളുടെ വിവരശേഖരണത്തിനായി സർക്കാർ ഒരുക്കിയ മൊബൈൽ ആപ്ലിക്കേഷൻ നഷ്ടപരിഹാരത്തിന് തടസമാകുന്നു. വീടുകൾ പൂർണ്ണമായും തകർന്നവർക്കാണ് 'റീബിൽഡ് കേരള' ആപ്ലിക്കേഷൻ ദ്രോഹമാകുന്നത്.
രേഖകൈമാറ്റം ഇങ്ങനെ
വീടുകളുടെ മൂന്ന് തരത്തിലുള്ള ഫോട്ടോയും ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആപ്പിൽ അപ്‌ലോഡ് ചെയ്യണം. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സന്നദ്ധപ്രവർത്തകരായിരുന്നു വിവരശേഖരണം നടത്തിയത്. ഈ വിവരം മൊബൈൽ ഫോൺ വഴി ജിയോ ടാഗ് സംവിധാനത്തിൽ വീട് തകർന്നിടത്തു നിന്നു തന്നെ അപ്‌ലോഡ് ചെയ്യും. പഞ്ചായത്ത് തലത്തിൽ എൻജിനിയറിംഗ് വിഭാഗം വിവരം പരിശോധിച്ച് പൂർണ്ണമായും തകർന്നതോ, ഭാഗികമായ കേടുപാടുകളോ എന്ന് അംഗീകരിക്കും.
ആപ്പാകുന്നത് നിർദ്ദേശങ്ങൾ
വിവരണശേഖരണത്തിന് സർക്കാർ ഏർപ്പെടുത്തിയ മാർഗനിർദ്ദേശങ്ങളാണ് വീട് പൂർണ്ണമായും തകർന്നവർക്ക് വിനയാകുന്നത്. എല്ലാ ചുമരുകളും തകർന്നാലും മേൽക്കൂര നിൽക്കുന്നുണ്ടെങ്കിൽ 75 ശതമാനം നഷ്ടമുണ്ടായതായേ കണക്കാക്കൂ. അതായത് ഭാഗിക കേടുപാടുകളുടെ ഗണത്തിൽവരും. ഒരു തൂണിന്റെയോ ചുമരിന്റെയോ ബലത്തിൽ മേൽക്കൂര നിൽക്കുന്ന താമസയോഗ്യമല്ലാതായ വീടുകൾക്ക് പോലും ഭവന നിർമ്മാണ സഹായത്തിനുള്ള അപേക്ഷ ഇതോടെ നിരസിക്കപ്പെടും. പറപ്പൂക്കര പഞ്ചായത്തിലെ വൈലൂർ വാർഡിൽ ഇത്തരത്തിൽ വാസയോഗ്യമല്ലാത്ത 20 വീടുകൾ ഭാഗിക കേടുപാടുകൾ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
നിവേദനം നൽകി
വിവരശേഖരണത്തിലെ മാർഗനിർദ്ദേശങ്ങളിൽ ഭേദഗതി വരുത്തണമെന്നും യഥാർത്ഥത്തിൽ വാസയോഗ്യമല്ലാതായ വീടുള്ളവരെ പൂർണ്ണമായും വീട് നഷ്ടപ്പെട്ടവരുടെ പട്ടികയിൽപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പറപ്പൂക്കര പഞ്ചായത്ത് അംഗം കെ.എസ്. ജോൺസൺ മുഖ്യമന്ത്രിക്കും കളക്ടർക്കും നിവേദനം നൽകി. ഡിജിറ്റൽ വിവരശേഖരണത്തിൽ തിരുത്തലുകൾ വരുത്താൻ പഞ്ചായത്ത് അധികൃതർക്ക് അനുമതി നൽകണമെന്ന ആവശ്യവും നിവേദനത്തിലുണ്ട്.