കുന്നംകുളം: വിശപ്പിന് മുന്നിൽ തളർന്ന് കുട്ടികളുടെ പഠനം ഉപേക്ഷിക്കേണ്ടിവന്ന കുടുംബത്തിന് താങ്ങായി നൻമ നിറഞ്ഞ മനസ്സുകൾ കൂട്ടുകൂടുന്നു. കടവല്ലൂർ പഞ്ചായത്ത് വടക്കേകോട്ടോലിലെ നാലംഗ കുടംബത്തിന് സഹായമായി നിരവധിപേരെത്തി. കാട്ടകാമ്പാൽ വില്ലേജ് ഓഫീസർ എ. ഷറഫുദ്ദീൻ റിയാസിന്റെ കുടുംബത്തിന് ആവശ്യമായ ഗ്യാസ് അടുപ്പും ഉപകരണങ്ങളും നൽകി. പഴഞ്ഞി ഗവ. സ്‌കൂളിലെ പി.ടി.എ പ്രസിഡന്റ് കെ.കെ.സുനിൽകുമാർ റിയാസിന്റെ മൂത്ത മകന്റെ തുടർപഠനത്തിനായുളള നടപടികളും സ്വീകരിച്ചു.

രണ്ടു ദിവസം മുൻപാണ് കോട്ടോലിൽ താമസിക്കുന്ന തമിഴ് സ്വദേശി റിയാസിന്റെ കുടംബത്തെ കുറിച്ചുള്ള വിവരം പുറംലോകം അറിയുന്നത്. വിശപ്പടക്കാൻ മാർഗമില്ലാത്തതിനാൽ രണ്ട് വിദ്യാർത്ഥികളുടെ പഠനം അവസാനിപ്പിക്കുകയായിരുന്നു. പഠനം നിറുത്തിയ കുട്ടികളെ അന്വേഷിച്ച് പി.ടി.എ ഭാരവാഹികളായ സാബു ഐനൂരും പ്രസാദ് പുലിക്കോട്ടിലും ഉൾപ്പെടെയുള്ളവർ ഇടിഞ്ഞുവീഴാറായ വീട്ടിലെത്തിയപ്പോൾ അരിക്കലത്തിൽ അവസാന മണിയും തീരാറായിരുന്നു.

അപകടത്തിൽ പരിക്കേറ്റ റിയാസിന് തൊഴിലെടുക്കാനാകാതെ വന്നതോടെയാണ് കുടുംബം ദുരിതക്കയത്തിലായത്. ആകെയുള്ള രണ്ട് സെന്റ് സ്ഥലത്ത് വീട് നിർമ്മിക്കാൻ പണം നൽകിയെങ്കിലും ചതിക്കപ്പെട്ടു. ഇതോടെ ഇനിയെന്തെന്ന ചോദ്യത്തിന് മുന്നിൽ തളർന്നിരിക്കുമ്പോഴാണ് കഥ പുറംലോകമറിഞ്ഞത്. ഇതോടെ പ്രവാസി വ്യവസായി ഷാജി അടിന്തരമായി പതിനായിരം രൂപ നൽകി.


പെരുമ്പിലാവ് പെയിൻ ആൻഡ് പാലിയേറ്റീവ് സെക്രട്ടറി കമറുദ്ദീൻ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടത്തു. തണലിന്റെ നേതൃത്വത്തിൽ ഇവരുടെ വീട് പുനർനിർമ്മിച്ചു നൽകാൻ തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു.

വീട് നിർമ്മാണത്തിനാവശ്യമായ ചെലല് തീരുമാനിച്ചശേഷം ജനകീയ പങ്കാളിത്തത്തോടെ വീട് നിർമ്മിക്കാനാണ് തീരുമാനം. റിയാസിന്റെ ചികിത്സാച്ചെലവുകൾ പ്രദേശവാസികളുടെ നേതൃത്വത്തിൽ ഏറ്റെടുക്കാനും തീരുമാനിച്ചു. ടി.സി വാങ്ങിയെങ്കിലും രണ്ട് വിദ്യാർത്ഥികളും വ്യാഴാഴ്ച മുതൽ സ്കൂളിൽ പോയിത്തുടങ്ങി. പി.ടി.എയും അദ്ധ്യാപകരും ചേർന്ന് ഇവരെ സ്വീകരിക്കുയും ആവശ്യമായ പിന്തുണ ഉറപ്പു നൽകുകയും ചെയ്തു.