മാള: വെള്ളം കയറുന്ന സ്ഥലങ്ങളിൽ വീണ്ടും വീട് നിർമ്മിച്ച് കൊടുക്കരുതെന്ന് മന്ത്രി എ.സി. മൊയ്തീൻ. കരിങ്ങോൾചിറ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന കേരളത്തിന് സ്നേഹപൂർവ്വം പദ്ധതി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പരിസ്ഥിതിക്ക് അനുയോജ്യമായ നിർമ്മാണത്തിലേക്ക് പോകണം. പ്രകൃതിയോട് ഇണങ്ങാനും മനുഷ്യത്വം വളർത്താനും പ്രളയം പഠിപ്പിച്ചു. പ്രളയക്കെടുതിയുടെ പേരിലുള്ള സഹായങ്ങൾ അനർഹർക്ക് കിട്ടാതിരിക്കാനും അർഹർക്ക് ലഭ്യമാക്കാനും നാടിന്റെ ജാഗ്രത വേണം. പ്രളയക്കെടുതിയുടെ നാശനഷ്ടം പരിഹരിക്കാൻ കടമെടുക്കാനുള്ള പരിധി കേന്ദ്ര സർക്കാർ ഉയർത്തണം. നല്ല ശമ്പളം വാങ്ങുന്ന ജീവനക്കാർ മനുഷ്യത്വം പ്രകടിപ്പിക്കണമെന്നും സഹായിക്കാനുള്ള മനസുമായി അവർ വരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിന് സ്നേഹപൂർവ്വം പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രളയത്തിൽ വീട് തകർന്ന വെന്മനശേരി സുദർശന് നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപനവും ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ ആദരിക്കലും മന്ത്രി നിർവഹിച്ചു. ദുരിതാശ്വാസ പ്രവർത്തനത്തിന് സംസ്ഥാനത്ത് നേതൃത്വം നൽകിയ സർക്കാരിനുള്ള ഉപഹാരം മന്ത്രി ഏറ്റുവാങ്ങി. അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് വി.എ. നദീർ, വൈസ് പ്രസിഡന്റ് ബീന സുധാകരൻ, സാലി സജീർ, ടി.കെ. ഉണ്ണിക്കൃഷ്ണൻ, പി.ഐ. നിസാർ തുടങ്ങിയവർ സംസാരിച്ചു.