എരുമപ്പെട്ടി: ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കലോത്സവം ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി മൂന്ന് വേദികളിൽ മത്സരങ്ങൾ നടക്കും. വിദ്യാർത്ഥികളായിരുന്നു ഉദ്ഘാടന സമ്മേളന വേദിയിലെ അതിഥികൾ. വിദ്യാലയത്തിലെ തായമ്പകതാരം എം.എസ്. ശ്രീരഞ്ജ് അദ്ധ്യക്ഷനായ ചടങ്ങ് യോഗാതാരം സി.വി. അർജ്ജുൻ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ നാടകതാരം നിരഞ്ജ് കെ. ഇന്ദ്രൻ, കെ.പി. അർജ്ജുൻ, യദുകൃഷ്ണൻ എന്നിവർ സംസാരിച്ചു. യോഗാതാരമായ അർജ്ജുന്റെ പ്രകടനവും അഞ്ചാം ക്ലാസ് ടീം അവതരിപ്പിച്ച നടൻപാട്ടും ഉദ്ഘാടന സമ്മേളനം ശ്രദ്ധേയമാക്കി.