തൃശൂർ : പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് , കരകയറാൻ ശ്രമിക്കുന്നതിനിടെ ഭീതി വിതച്ച് ജില്ലയിൽ മോഷ്ടാക്കളുടെ വിളയാട്ടം. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ചെറുതും വലുതുമായ നിരവധി മോഷണങ്ങളാണ് നടന്നത്. ഇതിലൊന്നും പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇന്നലെ കൊരട്ടിയിൽ എ.ടി.എം തകർത്ത് പത്ത് ലക്ഷത്തിലേറെ രൂപ കവർന്നപ്പോൾ രണ്ട് നാളുകൾക്ക് മുമ്പ് മതിലകത്ത് നൂറ്റമ്പത് പവനോളം സ്വർണ്ണവും ഒരു ലക്ഷം രൂപയുമാണ് കവർന്നത്. കൊരട്ടി ജംഗ്ഷനിലെ ദേശീയപാതയോരത്തുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എം കൗണ്ടർ തകർത്തായിരുന്നു കവർച്ച. കൗണ്ടറിലെ പണം അടങ്ങിയ ട്രേ അറുത്തെടുത്താണ് പണം കവർന്നത്. രണ്ട് വർഷം മുമ്പ് ഇതേ എ.ടി.എം കൗണ്ടറിൽ മോഷണശ്രമം നടന്നിരുന്നു. ഇന്നലെ ചേർപ്പ് കോടന്നൂരിൽ ഒരിടത്ത് മോഷണവും മറ്റൊരിടത്ത് മോഷണ ശ്രമവുമുണ്ടായി. അഞ്ച് ദിവസം മുമ്പ് കോലഴിയിൽ അഞ്ച് കടകളിൽ മോഷണ ശ്രമം നടന്നു. നാട്ടിക പഴയ കോട്ടൺ മില്ലിന് സമീപം ദേശീയ പാതയോരത്തുള്ള കോർപറേഷൻ ബാങ്ക് തൃപ്രയാർ ശാഖയുടെ എ.ടി.എം കൗണ്ടറിലും ഒരാഴ്ച മുമ്പ് മോഷണശ്രമം നടന്നിരുന്നു. മുഖം മൂടി ധരിച്ച രണ്ടംഗസംഘം എ.ടി.എം കൗണ്ടറിലെ മൂന്ന് നിരീക്ഷണ കാമറകളിൽ ഒരെണ്ണം അടിച്ചുതകർത്താണ് മോഷണ ശ്രമം നടന്നത്. ഏകദേശം ഒന്നര മണിക്കൂറോളമാണ് എ.ടി.എം കൗണ്ടറിനുള്ളിൽ ചെലവഴിച്ചതെന്നതും ശ്രദ്ധേയമാണ്. മതിലകം പാലത്തിനടുത്ത് മംഗലം പിള്ളി അബ്ദുൾ അസീസിന്റെ വീട്ടിൽ മോഷണം നടന്നത്. 145 പവനും ഒരു ലക്ഷത്തോളം രൂപയും കവർന്നിരുന്നു. നേരത്തെ മൺസൂൺകാല കവർച്ച വ്യാപകമാകാറുണ്ടെങ്കിലും ഇത്തവണ പ്രളയത്തിൽ മുങ്ങിയതോടെ ഇത്തരം കവർച്ചകൾ ഉണ്ടാകാതിരുന്നത് ആശ്വാസം നൽകിയിരുന്നു.
ഉത്തരേന്ത്യൻ സംഘമെന്ന് സൂചന
എ.ടി.എം കവർച്ചയ്ക്കും മോഷണ ശ്രമത്തിനും പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.
ബീറ്റ് പുസ്തകം നോക്കുകുത്തി
ജില്ലയിലെ പൊലീസ് സ്റ്റേഷൻ പരിധികളിൽ രാത്രികാല പട്രോളിംഗിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള ബീറ്റ് പുസ്തകങ്ങൾ നോക്കു കുത്തിയാണെന്ന് കണ്ടെത്തൽ. പല സ്ഥലങ്ങളിലും രാത്രികാല ഡ്യൂട്ടി ചെയ്യുന്നവർ ഇതിൽ ഒപ്പിടുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വലിയ ആരാധനലായങ്ങൾ, ബാങ്ക്, തപാൽ ഓഫീസ്, പ്രധാന വ്യക്തികൾ, സ്‌കൂൾ തുടങ്ങി ഓരോ സ്‌റ്റേഷൻ പരിധികളിലും ഏകദേശം 25 ഓളം ബീറ്റ് പുസ്തകങ്ങളാണ് ഉള്ളത്. നഗര പ്രദേശങ്ങളിൽ ഇതിന്റെ എണ്ണം കൂടും.
പട്രോളിംഗ് കർശനമാക്കും
വർദ്ധിച്ച് വരുന്ന മോഷണം കണക്കിലെടുത്ത് രാത്രികാല പട്രോളിംഗ് കർശനമാക്കും. സ്റ്റേഷൻ പരിധിയിലുള്ള ബീറ്റ് പുസ്തകങ്ങൾ അടുത്ത ദിവസങ്ങളിൽ പരിശോധിക്കും. രാത്രി ഡ്യൂട്ടിയിലുള്ള പൊലീസുകാരെ നിരീക്ഷിക്കാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അപരിചിതരായവർ വീടുകളുടെ പരിസരത്ത് കാണുന്നുണ്ടെങ്കിൽ പൊലീസിൽ വിവരം അറിയിക്കണം.
(യതീശ് ചന്ദ്ര, സിറ്റി പൊലീസ് കമ്മിഷണർ)