church
കൊരട്ടിപ്പള്ളിയിൽ വഴിപാടിനായി എത്തിച്ച പൂവൻകായകൾ

ചാലക്കുടി: പ്രസിദ്ധമായ കൊരട്ടി പള്ളിയിലെ തിരുന്നാളിനുള്ള പൂവൻകായകൾ എത്തിച്ചേർന്നു. ഏഴ് ടൺ കായകളാണ് വെള്ളിയാഴ്ച എത്തിയത്. പൂവൻ കുലകളുടെ വെഞ്ചിരിപ്പ് ശനിയാഴ്ച രാവിലെ നടക്കും. ശനിയാഴ്ച പുലർച്ചെ മുത്തിയുടെ രൂപം എഴുന്നള്ളിച്ച് വയ്ക്കും. തുടർന്ന് വിശുദ്ധ കുർബ്ബാനയും നൊവേനയും ആരംഭിക്കും. രാവിലെ ഏഴിന് ആരംഭിക്കുന്ന പാട്ടുകുർബ്ബാനയ്ക്ക് ഫാ. ലൂക്കോസ് കുന്നത്തൂർ കാർമ്മികനാകും.

തുടർന്ന് ഫാ. ബിജു തട്ടാശേരിയുടെ നേതൃത്വത്തിൽ ആഘോഷമായ പാട്ടുകുർബ്ബാന നടക്കും. 10.30ന് ഇടവകയിലെ വൈദികർ നയിക്കുന്ന സമൂഹബലി, ഹിന്ദിയിൽ കുർബാന എന്നിവയും ഉണ്ടാകും. ഞായറാഴ്ചയാണ് പ്രധാന തിരുനാൾ. ശനിയാഴ്ച മുതൽ ആയിക്കണക്കിന് വിശ്വാസികൾ തിരുന്നാളിനെത്തി തുടങ്ങും. പള്ളിയിൽ മാസങ്ങളായി നിലനിന്നിരുന്ന ആഭ്യന്തര പ്രശ്‌നങ്ങൾ മുത്തിയുടെ തിരുന്നാളിൽ പ്രതിഫലിക്കില്ലെന്നാണ് സംഘാടക സമിതി പ്രവർത്തകർ പറഞ്ഞത്. എല്ലാ വിഭാഗം ആളുകളും തിരുന്നാളിൽ സഹകരിക്കുന്നുണ്ട്.