film-corporation
കൊടുങ്ങല്ലൂരിലെ സിനിമ തിയേറ്റർ സമുച്ചയവുമായി ബന്ധപ്പെട്ട് ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രനുമായി നഗരസഭാ അധികൃതർ ചർച്ച നടത്തുന്നു.

കൊടുങ്ങല്ലൂർ: നഗരസഭയുടെ ഭൂമിയിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ തിയ്യേറ്റർ കോംപ്ളക്സ് നിർമ്മിക്കുന്നതിന് സ്ഥലം കൈമാറുന്നതിന്റെ ഭാഗമായി ചലച്ചിത്ര വികസന കോർപറേഷൻ അധികൃതരും നഗരസഭാധികൃതരും ചർച്ച നടത്തി. ഇപ്പോൾ ശിൽപ്പി തിയേറ്റർ പ്രവർത്തിക്കുന്ന 67 സെന്റ് സ്ഥലമാണ് തിയേറ്റർ സമുച്ചയത്തിനായി കോർപറേഷന് കൈമാറുവാൻ തീരുമാനിച്ചിട്ടുള്ളത്. കൗൺസിൽ യോഗത്തിൽ ഈ സ്ഥലം തിയേറ്റർ നിർമ്മാണത്തിനായി വിട്ടുകൊടുക്കുവാൻ തീരുമാനിച്ചിരുന്നു. തീരുമാനത്തിന്റെ കോപ്പി നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ കോർപറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രന് കൈമാറി.

പാട്ടവ്യവസ്ഥയിലാണ് ഭൂമി കൈമാറുന്നത്. തിയ്യേറ്റർ ആരംഭിച്ച് കഴിഞ്ഞാൽ ലാഭത്തിന്റെ നിശ്ചിത വിഹിതം നഗരസഭയ്ക്ക് ലഭിക്കും. മൂന്ന് തിയേറ്ററുകളുള്ള ഒരു മികച്ച മൾട്ടിപ്പിൾ തിയ്യേറ്റർ കോംപ്ലക്സ് ചലച്ചിത്ര വികസന കോർപറേഷൻ നിർമ്മിക്കും. കിറ്റ് കോവിന്നാണ് നിർമ്മാണവും ഡി.പി.ആർ തയ്യാറാക്കുവാനും ചുമതല നൽകിയിട്ടുള്ളത്. ഇപ്പോഴുള്ള തിയേറ്റർ പൂർണ്ണമായും പൊളിച്ചുനീക്കും. പാട്ടക്കരാർ വ്യവസ്ഥകൾ നഗരസഭ കൗൺസിൽ തീരുമാനിച്ച ശേഷം വീണ്ടും ചർച്ച നടത്തിയ ശേഷമായിരിക്കും കരാർ ഒപ്പിടുന്നതും ഭൂമി കൈമാറുന്നതും.

ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രൻ, നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ, കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ദീപ.ഡി.മേനോൻ, കിറ്റ് കോ ജനറൽ മാനേജർ ജി. പ്രമോദ്, ഡോ. സുരേഷ് മണിലാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ. രാമദാസ്, പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണിക്കൃഷ്ണൻ, വി.എം. ജോണി, ലത ഉണ്ണിക്കൃഷ്ണൻ, നഗരസഭാ സെക്രട്ടറി ഇൻ ചാർജ് ഹസീന എന്നിവർ പങ്കെടുത്തു. ചർച്ചയക്ക് ശേഷം അധികൃതർ നിർദ്ദിഷ്ട സ്ഥലം സന്ദർശിച്ചു. സ്ഥലം വളരെ അനുയോജ്യമാണെന്നും കലാമൂല്യമുള്ള നല്ല ചിത്രങ്ങൾ ജനങ്ങൾക്ക് കാണുവാൻ അവസരമൊരുക്കുകയാണ് ചലച്ചിത്ര വികസന കോർപറേഷന്റെ മൾട്ടിപ്ലക്സ് തിയേറ്റർ നിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ലെനിൻ രാജേന്ദ്രൻ പറഞ്ഞു.

കൊടുങ്ങല്ലൂരിലെ സിനിമ തിയേറ്റർ സമുച്ചയവുമായി ബന്ധപ്പെട്ട് ചലച്ചിത്ര വികസന കോർHറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രനുമായി നഗരസഭാ അധികൃതർ ചർച്ച നടത്തുന്നു.