-dr-shobha
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അദ്ധ്യാപിക ഡോ.ശോഭ


തൃശൂർ: കേരളവർമ്മ കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകരും കായികതാരങ്ങളും തമ്മിൽ സംഘർഷം. പതിമൂന്ന് വിദ്യാർത്ഥികൾക്കും പിടിച്ചുമാറ്റാൻ ശ്രമിച്ച കെമിസ്ട്രി വിഭാഗം മേധാവി ഡോ.ടി.ഡി ശോഭയ്ക്കും ഇഷ്ടിക കൊണ്ടുള്ള ഏറിൽ പരിക്കേറ്റു. അദ്ധ്യാപികയെ വെസ്റ്റ്‌ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ പ്രവർത്തകർ ആറ് പേർ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഒരാളൊഴിച്ച് ബാക്കിയുള്ളവരെ പരിക്കില്ലാത്തതിനാൽ ആശുപത്രിയിൽ നിന്നും വിട്ടയച്ചു.

കായികതാരങ്ങളായ അമൽരാജു, അമൽജിത്ത്, ജിക്കോ, അഭിജിത്ത്, അമീർ, ജിതിൻ കുമാർ, നിശാൽ എന്നിവർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് ഘട്ടങ്ങളായാണ് ഇന്നലെ അടി നടന്നത്. ആൺകുട്ടികളുടെ ഹോസ്റ്റൽ കേന്ദ്രീകരിച്ചായിരുന്നു ആദ്യം സംഘർഷം. കോളേജിലെ പൊളിറ്റിക്‌സ് വിഭാഗം ആദ്യ വർഷ വിദ്യാർത്ഥികൾക്കായി സീനിയർ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഫ്രെഷേഴ്‌സ് ഡേയുമായി ബന്ധപ്പെട്ടാണ് സംഘർഷത്തിന്റെ തുടക്കം. മുഖത്ത് നിർബന്ധിച്ച് ചായം തേക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. രണ്ടാം വർഷ വിദ്യാർത്ഥിയും കെ.എസ്.യു യൂണിറ്റ് പ്രസിഡന്റുമായ നിധിനെ ആക്രമിക്കാൻ ശ്രമിച്ച എസ്.എഫ്.ഐ പ്രവർത്തകരെ അതേ ക്ലാസിലെ വിദ്യാർത്ഥിയും കായികതാരവും കൂടിയായ അമൽരാജു തടഞ്ഞു. ഇതേത്തുടർന്ന് എസ്.എഫ്.ഐക്കാർ അമൽരാജുവിനെ പിന്നീട് കൂട്ടം ചേർന്ന് മർദ്ദിച്ചതായി പറയുന്നു. തുടർന്ന് പ്രിൻസിപ്പലും മറ്റ് അദ്ധ്യാപകരും ഇടപെട്ട് സംഘർഷം അവസാനിപ്പിച്ച് കോളേജിന് ഉച്ചയ്ക്ക് ശേഷം അവധി നൽകി. ഒന്നേ മുക്കാലിനായിരുന്നു ഈ സംഭവം നടന്നത്. ഇതിന് ശേഷം മൂന്ന് മണിയോടെയാണ് രണ്ടാംഘട്ട സംഘർഷം തുടങ്ങുന്നത്.

കോളേജിലുണ്ടായിരുന്ന എസ്.എഫ്.ഐക്കാരും കായികതാരങ്ങളും ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ കോളേജ് സ്‌റ്റോപ്പിൽ വെച്ച് രണ്ടാം വർഷ വിദ്യാർത്ഥിയും ഫുട്‌ബാൾ താരവുമായ നിശാലിനെ മർദ്ദിച്ചതായും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പന്ത്രണ്ട് കായികതാരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എ.സി.പി വി.കെ രാജുവിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് എത്തിയിരുന്നത്. ഇതിനിടെ പൊലീസ് എസ്.എഫ്.ഐക്കാർ നൽകിയ ലിസ്റ്റ് പ്രകാരമാണ് കേസെടുത്തതെന്നും ആരോപണമുണ്ട്. സംഭവത്തെ തുടർന്ന് ആൺകുട്ടികളുടെ ഹോസ്റ്റൽ പത്ത് ദിവസത്തേക്ക് അടച്ചിടാൻ എ.സി.പി രാജു നിർദ്ദേശം നൽകി. കോളേജിൽ തിങ്കളാഴ്ച്ച റെഗുലർ ക്ലാസുകൾ ഉണ്ടായിരിക്കില്ലെന്ന് പ്രിൻസിപ്പൽ ഡോ.കെ കൃഷ്ണകുമാരി അറിയിച്ചു. . . .