ചാവക്കാട്: ഒരുമനയൂർ ഇസ്‌ലാമിക് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്ത് മർദ്ദിച്ച സംഭവത്തിൽ ഒരു മാസത്തോളമായിട്ടും നടപടിയില്ലെന്ന് ആക്ഷേപം. റാഗിംഗിനെ തുടർന്ന് സംഘർഷമുണ്ടാവുകയും സംഭവത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സ്‌കൂൾ അധികൃതർ ഗേറ്റ് തുറന്നുകൊടുത്ത് പുറമേ നിന്നുള്ള ക്രിമിനലുകളെ സ്‌കൂൾ കോമ്പൗണ്ടിൽ പ്രവേശിപ്പിക്കുകയും അവർ വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കുകയുമായിരുന്നെന്ന് രക്ഷിതാക്കൾ പറഞ്ഞു. മർദ്ദനമേറ്റ വിദ്യാർത്ഥികൾ ചികിത്സയിൽ കഴിയുമ്പോൾ ആശുപത്രിയിലേക്ക് അതിക്രമിച്ചെത്തിയ സംഘം സുൽത്താൻ എന്ന വിദ്യാർത്ഥിയെ അവിടെവച്ചും മർദ്ദിച്ച് പരാതി പിൻവലിക്കണമെന്ന് ഭീഷണിപ്പെടുത്തിയത്രെ. ഇക്കാര്യം ആശുപത്രി അധികൃതർ തന്നെ പൊലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.
റാഗിംഗ് നടന്ന കാര്യം പൊലീസിനെ അറിയിക്കാതെ ഇരയായ വിദ്യാർത്ഥികളെ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്യുകയായിരുന്നെന്നാണ് ആക്ഷേപം. രക്ഷിതാക്കളും വിദ്യാർത്ഥികളും സ്‌കൂളിന് മുന്നിൽ നിരാഹാര സമരം നടത്തിയതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുക്കാൻ മാനേജ്‌മെന്റ് തയ്യാറായത്. വിദ്യാർത്ഥികളിൽ നിന്ന് നേരിട്ട് പരാതി ലഭിച്ചിട്ടും കുറ്റക്കാർക്കെതിരെയും സ്‌കൂൾ മാനേജ്‌മെന്റിനെതിരെയും നടപടിയെടുക്കാൻ പൊലീസ് തയ്യാറാകാത്തതിലും വലിയ പരാതി ഉയരുന്നുണ്ട്.
കുട്ടികളുടെ മൊഴിയെടുത്ത പൊലീസ് റാഗിംഗ് എന്ന പദപ്രയോഗം ഒഴിവാക്കിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും വിദ്യാർത്ഥികൾ സെപ്തംബർ 19ന് ഐ.ജിക്ക് നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്.