kkm-town
തിരക്കേറിയ കുന്നംകുളം ബസ് സ്റ്റാൻഡ്

കുന്നംകുളം: നഗരത്തിൽ വർഷങ്ങൾക്കുശേഷം ഗതാഗതപരിഷ്‌കരണം നടപ്പാക്കിയപ്പോൾ കുരുക്കഴിയുന്നില്ലെന്ന് പരാതി. ഇതേച്ചൊല്ലി പ്രശ്നങ്ങളും പരാതികളും ഉയരുന്നുണ്ട്. കാര്യമായ മാറ്റം വരുത്തിയ ബസ് സ്റ്റാൻഡിലാണ് പരാതികളേറെ. പരിഷ്കാര നിർദ്ദേശങ്ങളെ കുറിച്ച് ബസ് ജീവനക്കാരെ അറിയിച്ചിരുന്നില്ല. ജംഗ്ഷനിലെ ബാരിക്കേഡുകൾ മാറ്റിയായിരുന്നു ബസുകൾക്ക് സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ വഴിയൊരുക്കിയത്.

ബസുകളുടെ ട്രാക്കുകൾ സംബന്ധിച്ച പ്രശ്നമാണ് സ്റ്റാൻഡിൽ നിലവിലുള്ളത്. രണ്ട് ബസുകൾ നിറുത്തുന്ന സ്ഥലം ഒഴിവാക്കിയാണ് പ്രവേശനത്തിന് സ്ഥലമൊരുക്കിയത്. പട്ടാമ്പി, പഴഞ്ഞി ഭാഗത്തേക്കുള്ള ബസുകളാണ് ഇവിടെ നിറുത്തിയിട്ടിരുന്നത്. ചിലയിടത്ത് ബസുകൾ നിറുത്തിയിടുന്നത് യാത്രക്കാർക്ക് കാണാനാകുന്നില്ലെന്ന ബുദ്ധിമുട്ടുമുണ്ട്.

അഞ്ച് മിനിറ്റിൽ കൂടുതൽ ബസുകൾ സ്റ്റാൻഡിൽ നിറുത്തിയിടരുതെന്നാണ് നിർദ്ദേശം. ട്രാക്കിലേക്ക് കയറാൻ ബസുകൾ സ്റ്റാൻഡിലിട്ട് തിരിക്കേണ്ടി വരുന്നതും തടസങ്ങളുണ്ടാക്കുന്നുണ്ട്. സ്റ്റാൻഡിൽ പ്രവേശിക്കാത്ത ബസുകൾ തൃശൂർ റോഡിലേക്ക് കയറ്റി യാത്രക്കാരെ ഇറക്കുന്നതിന് പകരം സ്റ്റാൻഡിലെ മറ്റു ബസുകളുടെ മുന്നിൽ നിറുത്തിയാണ് ആളുകളെ ഇറക്കുന്നത്.

തൃശൂർ ഭാഗത്തേക്കുള്ള ദീർഘദൂര ബസുകളുടെ ട്രാക്ക് സ്റ്റാൻഡിനു മുന്നിലെ റോഡരികിലാണ് നിശ്ചയിച്ചിട്ടുള്ളത്. രണ്ട് ബസുകൾ ഒരുമിച്ചെത്തിയാൽ ഇവിടെയും കുരുക്കാകുന്നുണ്ട്. എം.ജി കോംപ്ലക്‌സിന് സമീപം ഹ്രസ്വദൂരബസുകൾക്ക് സ്റ്റോപ്പില്ല. എന്നാൽ ഇവിടെ നിന്ന് യാത്രക്കാരെ കയറ്റുന്നുണ്ട്. തൃശൂർ റോഡ് വൺവേയായതോടെ പൊലീസ് സ്റ്റേഷൻ താലൂക്ക് ആശുപത്രി ഗവ. സ്കൂൾ, എന്നിവിടങ്ങളിലേക്ക് നഗരം വളഞ്ഞ് എത്തേണ്ടി വരുന്നതായാണ് പരാതി.

പട്ടാമ്പി റോഡിൽ നിന്ന് ഗുരുവായൂർ റോഡിലേക്ക് നേരിട്ടുളള പ്രവേശനവും തടഞ്ഞിട്ടുണ്ട്. തൃശൂർ റോഡിലെ നഗരസഭാ ജംഗ്ഷൻ, ഗുരുവായൂർ റോഡ്, ബസ് സ്റ്റാൻഡിന് മുൻവശം എന്നിവിടങ്ങളിൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ഇന്നലെ നഗരത്തിലേക്ക് കൂടുതൽ വാഹനങ്ങൾ എത്തിയതോടെ ഗതാഗതപ്രശ്‌നം സങ്കീർണ്ണമായി പൊലീസിനെ കൂടുതൽ ഭാഗങ്ങളിൽ നിയോഗിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാനുളള ശ്രമങ്ങളും നടക്കുന്നുണ്ട്.

പ്രശ്‌നങ്ങളേറെ ബസ് സ്റ്റാൻഡിൽ
 ബസുകൾ ട്രാക്കിൽ നിറുത്തിയാൽ യാത്രക്കാർക്ക് കാണാനാകുന്നില്ലെന്ന് പരാതി
 ബസുകൾ ട്രാക്കിൽ കയറ്റാൻ സ്റ്റാൻഡിലിട്ട് തിരിക്കേണ്ടി വരുന്നതിനാൽ ബുദ്ധിമുട്ട്
 സ്റ്റാൻഡിന് മുൻപിൽ രണ്ട് ദീർഘദൂര ബസുകൾ നിറുത്തേണ്ടി വന്നാൽ കുരുക്ക് മുറുകും
 എം.ജി കോംപ്ലക്‌സിന് മുമ്പിൽ ഹ്രസ്വദൂര ബസുകൾ നിറുത്തുന്നത് കുരുക്കാകുന്നു
 പൊലീസ് സ്റ്റേഷൻ, ആശുപത്രി, സ്‌കൂൾ എന്നിവിടങ്ങളിലേക്ക് നഗരം വളഞ്ഞെത്തണം