biodiversity
...

തൃശൂർ : നാടിന്റെ സംതുലിതാവസ്ഥ തന്നെ തകിടം മറിച്ച പ്രളയത്തിലുണ്ടായ ജൈവവൈവിദ്ധ്യ ശോഷണത്തിനുള്ള കാരണം കണ്ടെത്താനുള്ള പഠനം തുടങ്ങി. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കൂടുതൽ ബാധിച്ച പഞ്ചായത്തുകളിലാണ് സർവേ ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡാണ് പഠനം നടത്തുന്നത്.
മണ്ണിന്റെ ഘടന, ഉരുൾ പൊട്ടലിന് കാരണം മണ്ണിന്റെ ഉറപ്പു കുറവാണോയെന്ന പരിശോധന, ഈ പ്രദേശങ്ങളിൽ ഇനി വീടുകൾ വയ്ക്കുന്നത് സുരക്ഷിതമാണോയെന്ന പരിശോധന എന്നിവ ഇതിന്റെ ഭാഗമായി നടത്തും. പ്രാഥമിക സ്രോതസുകൾ, ദ്വിതീയ സ്രോതസുകൾ എന്ന നിലയിലാണ് വിവരശേഖരണം നടത്തുക. ഓരോ പഞ്ചായത്തിലും നാല് ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ, രണ്ട് ഫീൽഡ് തല വിദഗ്ദ്ധർ, അഞ്ച് വളണ്ടിയർമാർ എന്നിവർ ഉൾപ്പെട്ട 11 അംഗ സംഘമാണ് പഠനം നടത്തുക. ഒരു പഞ്ചായത്തിൽ മൂന്ന് ടീമുകളായി തിരിഞ്ഞാണ് പഠനം.
രൂക്ഷമായ ജൈവവൈവിദ്ധ്യ ശോഷണം ഉണ്ടായ സ്ഥലങ്ങളിൽ ഫീൽഡ് സന്ദർശനം നടത്തും. ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച് ബി.എം.സി തലത്തിലും ജില്ലാതലത്തിലും പ്രത്യേകം റിപ്പോർട്ടുകൾ തയ്യാറാക്കി സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന് സമർപ്പിക്കും. കില, ശുചിത്വമിഷൻ, തണൽ എന്നിവയുമായി സഹകരിച്ചാണ് ജൈവവൈവിദ്ധ്യ ബോർഡിന്റെ പഠനം. നാളെ 19 പേരുടെ മരണത്തിനിടയാക്കിയ കുറാഞ്ചേരിയിൽ സംഘമെത്തും. ജൈവവൈവിദ്ധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ സദാനന്ദൻ, 27 വരെ നീണ്ടു നിൽക്കുന്ന പഠനത്തിന് ശേഷം നവംബർ ഒന്നിന് ജില്ലാതല റിപ്പോർട്ട് സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന് സമർപ്പിക്കും.

ആദ്യഘട്ട പഠനം 23 പഞ്ചായത്തുകളിൽ

അന്നമനട, കുഴൂർ, പറപ്പൂക്കര, മാള, പൊയ്യ, മണലൂർ, തെക്കുംകര, കാടുകുറ്റി, ചേർപ്പ്, ചാഴൂർ, വല്ലച്ചിറ, പടിയൂർ, പരിയാരം, മേലൂർ, എറിയാട്, ശ്രീനാരായണപുരം, വെങ്കിടങ്ങ്, ദേശമംഗലം, ആളൂർ, താന്ന്യം, നാട്ടിക തുടങ്ങിയ പഞ്ചായത്തുകളിലാണ് പഠനം നടത്തുന്നത്. കൂടാതെ മുനിസിപ്പാലിറ്റികളിലും പഠനം നടത്തും. ഇതിന്റെ ഭാഗമായി പഞ്ചായത്തുകൾക്ക് ഓപ്പൺ ഡാറ്റ കിറ്റുകൾ നൽകും. എല്ലാ ദിവസവും സർവേ വിവരങ്ങൾ ജില്ലാതല ഉദ്യോഗസ്ഥന് കൈമാറും. ജൈവവൈവിദ്ധ്യ ശോഷണത്തിന്റെ കണക്ക് തിട്ടപ്പെടുത്തുന്നതിനായി പഞ്ചായത്ത് തല ശിൽപ്പശാലയും സംഘടിപ്പിക്കും.

...............

ഇത്തരത്തിലുള്ള കെടുതി ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് നമുക്ക് ആവശ്യം. ഇതിന് ജൈവവൈവിദ്ധ്യ ബോർഡ് നടത്തുന്ന ഇത്തരം പഠനങ്ങൾക്ക് ആവശ്യമായ എല്ലാ സാഹചര്യങ്ങളും ജില്ലാ പഞ്ചായത്ത് ഒരുക്കിക്കൊടുക്കും.

( മേരി തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് )

ജൈവവൈവിദ്ധ്യ ശോഷണമുണ്ടായത് ഇങ്ങനെ . ..

പ്രളയത്തിൽ മേൽമണ്ണ്, അടിമണ്ണ് എന്നിവ ഒലിച്ചുപോയതോടെ സൂക്ഷ്മാണുക്കളും മണ്ണിരകളും അടക്കമുള്ള മിത്രകീടങ്ങളും ജീവികളും നശിച്ചു. ഇതോടൊപ്പം മൂലകങ്ങളെ ജൈവികമായി വിഘടിപ്പിക്കാൻ ശേഷിയുള്ള അണുക്കളും സസ്യങ്ങളും നശിച്ചവയിൽ ഉൾപ്പെടുന്നു.