മാള:പ്രളയം വന്ന വഴി തേടി പൊയ്യ പഞ്ചായത്തിൽ വിദ്യാർത്ഥി സംഘം ഫ്ളഡ് മാപ്പ് തയ്യാറാക്കുന്നു. ഭൂപ്രകൃതിയിൽ ഏറെ ഏറ്റക്കുറച്ചിലുകളും വ്യത്യസ്തതയുമുള്ള പൊയ്യ പഞ്ചായത്ത് പ്രദേശത്തെ പ്രളയം ബാധിച്ച രീതികളും ആഘാതങ്ങളും പഠന വിധേയമാക്കുന്ന പദ്ധതിയാണ് വിദ്യാർത്ഥി സംഘം തയ്യാറാക്കുന്നത്.
പഠനത്തിന്റെ അടിസ്ഥാനത്തിൽ സമഗ്ര ഭൂപടം തയ്യാറാക്കും. സമുദ്രനിരപ്പിൽ നിന്നുള്ള ഉയർച്ചകളും പ്രളയം ബാധിക്കാൻ ഇടയാക്കിയ സാഹചര്യങ്ങളും തിട്ടപ്പെടുത്തും. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ എം.എസ്.ഡബ്ലിയു, ബി.എസ്.ഡബ്ലിയു ഒന്നാം വർഷ വിദ്യാർത്ഥികളാണ് ഇത്തരത്തിലൊരു ദൗത്യം ഏറ്റെടുത്തിട്ടുള്ളത്.
പ്രളയശേഷം ഒരു മാസത്തിലധികം ഈ വിദ്യാർത്ഥികൾ പൊയ്യ പഞ്ചായത്തിൽ പഠനം നടത്തിയിരുന്നു.ഇപ്പോൾ അവസാന ഘട്ടമായി അഞ്ച് ദിവസത്തെ രാപ്പകൽ ക്യാമ്പ് സംഘടിപ്പിച്ചാണ് പഠനം നടത്തുന്നത്.പൂപ്പത്തി പട്ടികജാതി കമ്മ്യൂണിറ്റി ഹാൾ കേന്ദ്രീകരിച്ച് ക്യാമ്പ് ചെയ്യുന്ന സംഘത്തിൽ 50 പേരാണുള്ളത്.ഇതിൽ 30 പെൺകുട്ടികളും അദ്ധ്യപികമാരും ഉണ്ട്.ഫ്ളഡ് മാപ്പിങ്ങിലൂടെ സർവ്വേ നടത്തി പ്രളയ ശേഷമുള്ള വികസന രേഖ തയ്യാറാക്കുമെന്ന് സംഘത്തിലെ വിദ്യാർത്ഥിയായ ഫാ.സജേഷ് പയ്യപ്പിള്ളി പറഞ്ഞു.സമഗ്ര ഭൂപടം തയ്യാറാക്കി ഓരോ ഭാഗത്തും ഉണ്ടായ പ്രളയത്തിന്റെ ആഘാതം പഠന വിധേയമാക്കും. വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പ് "പൊയ്ക-2K18 എന്ന പേരിലാണ് ആരംഭിച്ചിട്ടുള്ളത്.പൊയ്യ പഞ്ചായത്തിൽ പ്രളയത്തിന്റെ ഭാഗമായി ആവിഷ്കരിച്ച ഓപ്പറേഷൻ O9/08 എന്ന വെള്ളപ്പൊക്ക ദുരി താശ്വാസ രക്ഷാദൗത്യത്തിലെ സമഗ്രം ഉപ പദ്ധതിയായാണ് ഫ്ളഡ് മാപ്പിംഗ് തയ്യാറാക്കുന്നത്.ക്യാമ്പിന്റെ ഭാഗമായി സർവ്വേ ,പഠന സന്ദർശനം, ശ്രമദാനം, കിഡ്സ് ഫെ സ്റ്റിവൽ, മോട്ടിവേഷ ൻ ക്ലാസ്, തിയ്യറ്റർ വർക്ക് ഷോപ്പ്, സാംസ്കാരിക പരിപാടികൾ തുടങ്ങിയവ നടക്കും.സമുദ്രനിരപ്പിൽ നിന്നുള്ള വ്യതിയാനം അനുസരിച്ച് ഓരോ പ്രദേശത്തേയും പ്രളയ സാധ്യതയും വിലയിരുത്തി രേഖപ്പെടുത്തും.പൊയ്യ പഞ്ചായത്തിൽ ഫ്ളഡ് മാപ്പിങ്ങിലൂടെ സമഗ്രമായ വികസന പദ്ധതിയാണ് ഈ വിദ്യാർത്ഥി സംഘം തയ്യാറാക്കുന്നത്.