കയ്പ്പമംഗലം: നാട്ടുകാരുടെ അധിക്ഷേപത്തിന് ഇരകളായി, നാടോടികളായി കഴിഞ്ഞിരുന്ന എട്ട് കുടുംബങ്ങൾക്ക് റേഷൻ കാർഡുകൾ വിതരണം ചെയ്തു. തിരിച്ചറിയൽ രേഖകളും സ്വന്തമായി മേൽവിലാസവും ആയതോടെ ഇവർ റേഷൻ കാർഡിന് അർഹരാകുകയായിരുന്നു. എട്ട് കുടുംബങ്ങൾക്കുള്ള റേഷൻ കാർഡ് വിതരണം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. എടത്തിരുത്തി, വലപ്പാട് പഞ്ചായത്തുകളിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും, പാതയോരത്തുമായി കഴിഞ്ഞിരുന്ന 45 നായാടി കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കുന്നതിനായി എടത്തിരുത്തി പഞ്ചായത്തിൽ ഒരു പുനരധിവാസ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിരുന്നു. ഇവരുടെ പ്രവർത്തനഫലമായാണ് റേഷൻകാർഡ് ലഭിച്ചത്.
ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ, വലപ്പാട് എസ്.ഐയായിരുന്ന ഇ.ആർ ബൈജു, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, പൊതുപ്രവർത്തകരായ ഷെമീർ എളയേടത്ത്, അഡ്വ.വി.കെ. ജ്യോതിപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷേമ പ്രവർത്തനം ആരംഭിച്ചത്. സ്വന്തമായ ഭൂമിയും കിടപ്പാടവും, മക്കൾക്ക് വിദ്യാഭ്യാസവും ജില്ലാ കളക്ടർ മുഖേന ലഭ്യമാക്കാൻ പുനരധിവാസ കമ്മിറ്റിക്ക് കഴിഞ്ഞു. താമസ സ്ഥലം, കുട്ടികൾക്ക് സ്‌കൂൾ പ്രവേശനം, തൊഴിൽ എന്നിവ നൽകിയിരുന്നു. കൊടുങ്ങല്ലൂർ എസ്.ഐ ഇ.ആർ ബൈജു, താലൂക്ക് സപ്ലൈ ഓഫീസർ ജോഷി ജോസഫ്, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ പി.ബി മുഹമ്മദ് റാഫി, അനൂപ്, പൊതു പ്രവർത്തകരായ എം.കെ ഫൽഗുണൻ, ടി.എൻ തിലകൻ, ജ്യോതിബാസ് തേവർക്കാട്ടിൽ, വില്ലേജ് ഓഫീസർ പി.എ ഷക്കീർ, പഞ്ചായത്ത് സെക്രട്ടറി പി.വൈ സാജിത, പുനരധിവാസ കമ്മിറ്റി കൺവീനർ അഡ്വ. വി.കെ ജ്യോതിപ്രകാശ്, ജോയിന്റ് കൺവീനർ ഷമീർ എളേടത്ത് എന്നിവർ സന്നിഹിതരായി. . . .