op-kettidam-
കൂളിമുട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ.പി കെട്ടിടത്തിന്റെ ഉദ്ഘാടനം കൃഷിമന്ത്രി അഡ്വ.വി.എസ്. സുനിൽകുമാർ നിർവഹിക്കുന്നു.

കയ്പ്പമംഗലം: ഈ സർക്കാർ വന്നതിന് ശേഷം സംസ്ഥാനത്ത് എല്ലാ സർക്കാരാശുപത്രികളെയും ഉന്നത നിലവാരത്തിലെത്തിച്ചിട്ടുണ്ടെന്ന് കൃഷിമന്ത്രി അഡ്വ.വി.എസ് സുനിൽകുമാർ. കൂളിമുട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ.പി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോക്ടർമാരടക്കം എല്ലാ സംവിധാനങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി അഭിപ്രായപെട്ടു.

കയ്പ്പമംഗലം മണ്ഡലം മുൻ എം.എൽ.എ അഡ്വ. വി.എസ്‌ സുനിൽകുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 53 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. ചടങ്ങിൽ കൂളിമുട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം ഇന്നസെന്റ് എം.പിയും നിർവഹിച്ചു. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബേബി ലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. മതിലകം പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി സുരേന്ദ്രൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദാലി എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് അംഗം ബി.ജി വിഷ്ണു, മതിലകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുവർണ്ണ ജയശങ്കർ, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലൈന അനിൽ, പഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആനി റോയ്, പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ ഗോപിനാഥൻ, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.ടി.വി സതീശൻ തുടങ്ങിയവർ സംസാരിച്ചു. കയ്പ്പമംഗലം മണ്ഡലത്തിലെ ഏക കുടുംബാരോഗ്യ കേന്ദ്രമാണ് ഇത്. മത്സ്യത്തൊഴിലാളികളും, കർഷകത്തൊഴിലാളികളും, സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് ആരോഗ്യരംഗത്ത് വലിയ പരിവർത്തനത്തിന് ഈ പദ്ധതി സഹായകമാകും.