തൃശൂർ: ശബരിമല പ്രശ്‌നം അടിയന്തരമായി നിയമസഭ വിളിച്ച് ചർച്ച ചെയ്യണമെന്നും നിയമസഭാ സാമാജികരുടെ അഭിപ്രായം തേടണമെന്നും മുസ്‌ളിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എൻ.എ ഖാദർ എം.എൽ.എ ആവശ്യപ്പെട്ടു. സേവ് ശബരിമലയെന്ന മുദ്രാവാക്യമുയർത്തി അയ്യന്തോളിൽ വിവിധ അയ്യപ്പസേവാ സമിതി സംഘങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തിയ അയ്യപ്പ ഭക്തസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയെന്ന ബഹുസ്വര രാജ്യത്ത് ഓരോ വിഭാഗത്തിനും അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളും കൊണ്ടുപോകാൻ ഭരണഘടനാപരമായ അവകാശമുണ്ട്. കോടതി വിധികൾ ബഹുമാനിക്കണം. എന്നാൽ പ്രശ്‌നങ്ങളറിയാതെ യാന്ത്രികമായി ഒരു വിശ്വാസത്തെയും വ്യാഖ്യാനിക്കാൻ കോടതിക്കോ സർക്കാരുകൾക്കോ കഴിയില്ല. വിശ്വാസങ്ങളിലും ആചാരങ്ങളിലും ഇന്ത്യ മുഴുവൻ ഏകീകരണമില്ല. ഓരോ ദേവാലയത്തിലും ഓരോ ആചാരമാണ് പിന്തുടരുന്നത്.

അത് പാലിക്കാനുള്ള വിശ്വാസം വിശ്വാസികൾക്ക് നൽകണം. ഒരു വിശ്വാസിയുടെ ആചാരങ്ങളിൽ ഇടപെടാൻ ഒരു സർക്കാരിനും സുപ്രീംകോടതിക്കും അവകാശമില്ല. ശബരിമല പ്രശ്‌നത്തിൽ സുപ്രീകോടതി വിധി വന്നയുടനെ നടപ്പാക്കാൻ തിരക്കുകൂട്ടുന്ന ഇടതുസർക്കാരിന്റെ നേരത്തെയുള്ള സുപ്രീകോടതി-ഹൈക്കോടതി വിധികളോടുള്ള മനോഭാവം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും ഖാദർ കൂട്ടിചേർത്തു.
ശബരിമലയിലെ വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും സംരക്ഷിക്കണമെന്നും വിശ്വാസമില്ലാത്തവരെ മാത്രമല്ല, വിശ്വാസികളെകൂടി സംരക്ഷിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്ന് ഉദ്ഘാടനം ചെയ്ത ശബരിമല മുൻമേൽശാന്തി കോഴിക്കോട് ശശി നമ്പൂതിരി പറഞ്ഞു. കാരാട്ട് പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം. മാധവൻകുട്ടി, മുസ്‌ളിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.എം അമീർ, പ്രേമചന്ദ്രൻ, ഷാജു, ചന്ദ്രൻ നമ്പിടിയത്ത് എന്നിവർ പ്രസംഗിച്ചു. തൃക്കുമാരക്കുടം അയ്യപ്പസേവാസമിതി സെക്രട്ടറി കൃഷ്ണൻ സ്വാഗതം പറഞ്ഞു.. .