കൊടുങ്ങല്ലൂർ: കടലേറ്റം മൂലം മാസങ്ങളായി ദുരിതമനുഭവിക്കുന്ന തീരദേശവാസികൾക്ക് സഹായമെത്തിക്കുന്നതിൽ അധികൃതർ തുടരുന്ന അലംഭാവം പ്രതിഷേധാർഹമാണെന്നും പുലിമുട്ടോട് കൂടി കടൽഭിത്തി കെട്ടി തീരദേശം സംരക്ഷിക്കുന്നതുവരെ ഇവർക്ക് സാമ്പത്തികസഹായം അനുവദിക്കണമെന്നും അഖിലകേരള ധീവരസഭ സംസ്ഥാന പ്രസിഡന്റ് പി.എൻ ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

പ്രളയ ദുരിത ബാധിതർക്ക് 10,000 രൂപ വീതം നൽകിയ സർക്കാർ നടപടി ശ്ളാഘനീയമാണ്. എന്നാൽ കഴിഞ്ഞ ഡിസംബർ മുതൽ കടലേറ്റം മൂലം ദുരിതമനുഭവിക്കുന്ന തീരദേശത്തെ കുടുംബങ്ങളുടെ ദുരിതം അധികൃതർ കാണാതെ പോകുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എറിയാട് തീരത്ത് കടൽക്ഷോഭം തടയാൻ 110 മീറ്റർ കടൽഭിത്തി കെട്ടാൻ അനുമതി ലഭിച്ചെങ്കിലും, 40 മീറ്റർ ഭിത്തി നിർമ്മിച്ചശേഷം നിർമ്മാണം നിലച്ചിരിക്കുകയാണ്. ഇതിൽ തന്നെ 20 മീറ്ററിലധികം ഇതിനോടകം തകർന്നു കഴിഞ്ഞു. വടശ്ശേരി മാധവൻ മീനാക്ഷി, വടശ്ശേരി രഘുനാഥ്, കാര്യേഴത്ത് ഷാജി, കൈമപറമ്പിൽ തുപ്രൻ, കൈതപറമ്പിൽ സരൻ, നടുമുറി പത്മാക്ഷി, വാൽത്തറ ദാസൻ, തലാശ്ശേരി ശശി എന്നിങ്ങനെ നിരവധി പേരുടെ വീടുകൾ ഭിത്തിയും തറയുമൊക്കെ തകർന്നും മണ്ണ് കയറിയും വാസയോഗ്യമല്ലാതായി.

സ്കൂളിലെയും ബന്ധുവീടുകളിലേയുമൊക്കെ താത്കാലിക താമസക്കാരായി ഇവർ മാറിക്കഴിഞ്ഞിരിക്കുന്നു. ഈ വീടുകളിലെ കുട്ടികൾക്ക് പഠനം വരെ സാദ്ധ്യമാകില്ല. ധീവരസഭ ജില്ലാ പ്രസിഡന്റ് പി.വി. ജനാർദ്ദനൻ, സെക്രട്ടറി കെ.വി തമ്പി, താലൂക്ക് പ്രസിഡന്റ് മണി കാവുങ്ങൽ, ഇ.കെ ദാസൻ, ദിവാകരൻ എന്നിവർക്കൊപ്പം തീരദേശത്ത് നേരിട്ടെത്തിയ ശേഷമാണ് പി.എൻ ബാലകൃഷ്ണന്റെ പ്രതികരണം.