തൃശൂർ : എതിർഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കാണാതിരിക്കുന്നത് മൂലം ഏറെ അപകടസാദ്ധ്യത ഉളള സ്ഥലങ്ങളിൽ ലയൺസ് കോൺവെക്‌സ് മിറർ സ്ഥാപിക്കുന്ന ജില്ലാതല പദ്ധതിയുടെ ഉദ്ഘാടനം തൃശൂർ സിറ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു. അപകടങ്ങൾ ഏറെ നടക്കുന്ന വടൂക്കര സെന്ററിലെ പ്രധാനപ്പെട്ട വളവിലാണ് ഉദ്ഘാടനത്തോടനുബന്ധിച്ചുളള മിറർ സ്ഥാപിച്ചത്. അയ്യന്തോൾ, പുതൂർക്കര, പാവറട്ടി, ഗുരുവായൂർ, കുന്നംകുളം എന്നിവിടങ്ങളിലാണ് കോൺവെക്‌സ് മിററുകൾ ആദ്യഘട്ടത്തിൽ സ്ഥാപിച്ചത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി 300 ഓളം സ്ഥലങ്ങളിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഇ.ഡി. ദീപക് പറഞ്ഞു. റോഡ് സുരക്ഷയുടെ ഭാഗമായി ട്രാഫിക് അവയർനെസ്സ് ക്ലാസുകൾ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരന്തരം സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ പ്രധാനപ്പെട്ട ധനകാര്യ സ്ഥാപനമായ മണപ്പുറം ഫൈനാൻസിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ലയൺസ് ഡിസ്ട്രിക്ട് ചെയർപേഴ്‌സൺ ഭരതൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ജോതിലക്ഷ്മി മുഖ്യാതിഥിയായി. സോൺ ചെയർമാൻ സുരേഷ് കരുൺ വിഷയാവതരണം നടത്തി. ലയൺസ് പബ്ലിക് റിലേഷൻസ് ഓഫീസർ ജെയിംസ് വളപ്പില, ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറി ക്യാപ്റ്റൻ ആന്റണി, ജി.എൽ.ടി കോ-ഒാർഡിനേറ്റർ സുരേഷ് വാര്യർ, റീജ്യണൽ ചെയർ പേഴ്‌സൺ എ.കെ. സോമൻ, ഡിസ്ട്രിക്ട് ചെയർപേഴ്‌സൺ കെ.കെ. സജീവ്കുമാർ, സിറ്റി ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സൈമൺ ജോസ് എന്നിവർ പ്രസംഗിച്ചു. ലയൺസ് നേതാക്കളായ കെ.കെ സജീവ്, സുരേഷ് ബാബു, സജീവൻ പാണ്ടാരി, ജയപ്രകാശ്, രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.. . .