തൃശൂർ: അനുഗ്രഹീത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഓർമകൾ നിറഞ്ഞുനിന്ന വേദിയിൽ ദി ബിഗ് ബാൻഡ് സംഘം ശ്രദ്ധാഞ്ജലി ഒരുക്കി. ബാലഭാസ്‌കറിനൊപ്പം പതിറ്റാണ്ടുകളായി സഹകരിച്ചിരുന്ന ബാൻഡ് അംഗങ്ങൾ രണ്ടര മണിക്കൂർ സദസിനെ വിസ്മയിപ്പിച്ചു. വയലിനിസ്റ്റ് അഭിജിത്ത് പി.എസ്. നായരായിരുന്നു ബാലഭാസ്‌കറിന്റെ വിയോഗത്തെ തുടർന്ന് ബാൻഡിനെ നയിച്ചത്.

ആൽഫ പാലിയേറ്റീവ് കെയർ വർഷംതോറും നടത്താറുള്ള പാലിയേറ്റീവ് പരിചരണത്തെ പിന്തുണയ്ക്കുന്നവരുടെ സംഗമം 'സാന്ത്വന സമന്വയം" വേദിയായിരുന്നു ബാലഭാസ്‌കർ സ്മരണയിൽ നിറഞ്ഞത്. ആഗസ്റ്റ് 30ന് നടക്കേണ്ടിയിരുന്ന പരിപാടി പ്രളയം മൂലം ഒക്ടോബർ 12ലേക്ക് മാറ്റുകയായിരുന്നു. അതിനിടയിലായിരുന്നു ബാലഭാസ്‌കറിന്റെ അപ്രതീക്ഷിത വിയോഗം.
മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു. മുൻ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ, മുൻ എം.എൽ.എ. ടി.വി. ചന്ദ്രമോഹൻ എന്നിവർ അതിഥികളായി. ആൽഫ ചെയർമാൻ കെ.എം.നൂർദീൻ മുഖ്യപ്രഭാഷണം നടത്തി. ആൽഫ ഡയറക്ടറും എലൈറ്റ് മിഷൻ ഹോസ്പിറ്റൽ മാനേജിംഗ് പാർട്ണറുമായ ഡോ. കെ.കെ. മോഹൻദാസ് സ്വാഗതവും പേട്രൺ ഡോ. ടി.എ.സുന്ദർ മേനോൻ നന്ദിയും പറഞ്ഞു. രോഗാവസ്ഥയ്ക്കിടയിലും ജീവിതത്തെ ധീരമായി നേരിടുന്ന കോടന്നൂർ സ്വദേശി ശേഖരൻ കൊട്ടുങ്ങലിനെയും കുടുംബത്തിലെ രോഗികളും അവശരുമായ മൂന്നുപേരെ, തന്നെ ബാധിച്ച കാൻസർ രോഗത്തിനിടയിലും പരിചരിക്കുന്ന അയ്യന്തോൾ സ്വദേശി ഗിരിജൻ വടക്കേ കുന്നമ്പത്തിനെയും കോർപറേഷൻ കൗൺസിലർ പി. സുകുമാരൻ ആദരിച്ചു.
ചീഫ് പ്രോഗ്രാം ഓഫീസർ സുരേഷ് ശ്രീധരൻ, ജനറൽ കൺവീനർ ജേക്കബ് ഫ്രാൻസിസ്, തൃശൂർ ഹോസ്പീസ് പ്രസിഡന്റ് അഡ്വ. ബി.ബി. ബ്രാഡ്‌ലി, സെക്രട്ടറി എം.വി വിജയൻ, ട്രഷറർ സി. വേണുഗോപാലൻ, വൈസ് പ്രസിഡന്റുമാരായ സി.എ വേണുഗോപാൽ, രമണി മേനോൻ, ഗോപകുമാർ, ജോയിന്റ് സെക്രട്ടറിമാരായ ഗഫൂർ ടി. മുഹമ്മദ്, വിത്സൺ പി. ജോൺ, തോമസ് തോലത്ത്, പത്മജ ഗോവിന്ദ്, കമലു സുബ്രഹ്മണ്യൻ തുടങ്ങിയവർ നേതൃത്വം നൽകി. . . .