തൃശൂർ: ചെലവു ചുരുക്കലിന്റെ പേരിൽ എ.ടി.എമ്മുകളിലെ സുരക്ഷാ ജീവനക്കാരെ പിൻവലിച്ചതും വേണ്ടത്ര കാമറകളും അലാറം സംവിധാനവുമില്ലാത്തതും സുരക്ഷാ ഭീഷണി ഉയർത്തുന്നു. രാത്രികാലങ്ങളിൽ എ.ടി.എമ്മുകളിൽ കയറി പണം എടുക്കണമെങ്കിൽ ജീവൻ പണയം വയ്ക്കണം. അതേസമയം, കൊരട്ടിയിലെ എ.ടി.എം കവർച്ചയുടെ പശ്ചാത്തലത്തിൽ വയർലെസ് സെറ്റുകൾ നൽകി രാത്രികാല പട്രോളിംഗ് കൃത്യമായി ഉറപ്പുവരുത്താൻ പൊലീസ് നടപടി തുടങ്ങി. അപൂർവം ബാങ്കുകൾക്ക് മാത്രമാണ് പേരിനെങ്കിലും സുരക്ഷാ ജീവനക്കാരുള്ളത്. പകൽമാത്രമാണ് അവരുടെ സേവനം. സെക്യൂരിറ്റി ജീവനക്കാരെ പിൻവലിക്കുന്ന സമ്പ്രദായം സംസ്ഥാനത്ത് ആദ്യം സ്വീകരിച്ചത് എസ്.ബി.ഐ എ.ടി.എമ്മുകളിലാണ്.

സുരക്ഷ ജീവനക്കാരില്ലാത്തതിനാൽ ഒന്നിലധികം പേർ എ.ടി.എമ്മുകളിൽ കയറും. ശീതീകരിച്ച മുറിയിൽ കുറെ നേരം ചെലവഴിക്കാൻ കയറുന്നവരുമുണ്ട്. പണം നിക്ഷേപിക്കുന്നതിന് മറ്റ് ജോലിക്കാരെയാണ് ബാങ്കുകൾ നിയോഗിക്കുന്നത്. യന്ത്രത്തകരാർ തീർക്കാൻ എത്തുന്നവർ തനിയെ അറ്റകുറ്റപ്പണി നടത്തുന്നതും അതിന് ബാങ്കുകളുടെ മേൽനോട്ടം ഇല്ലാതിരിക്കുന്നതും കവർച്ചയ്ക്ക് സാദ്ധ്യത ഒരുക്കുമെന്ന് പൊലീസ് പറയുന്നു.

തൃശൂർ നഗരത്തിൽ വെളിയന്നൂർ ക്ഷേത്രത്തിന് സമീപം 2015 സെപ്തംബർ ഒമ്പതിനുണ്ടായ എ.ടി.എം കവർച്ചയ്ക്കു ശേഷം സുരക്ഷാജീവനക്കാരെ കൃത്യമായി നിയോഗിക്കണമെന്ന് പൊലീസ് നിർദ്ദേശം നൽകിയിരുന്നു. എസ്.ബി.ഐ എ.ടി.എം കൗണ്ടറിൽ നിന്നും 26 ലക്ഷമാണ് അന്ന് കവർന്നത്. എ.ടി.എമ്മുകളിൽ പണം നിറയ്ക്കുന്ന ജീവനക്കാരനും എ.ടി.എം സാങ്കേതികവിദ്യ അറിയാവുന്നയാളുമാണ് പിടിയിലായത്. കവർച്ച നടത്തി ഒരാഴ്ച കഴിഞ്ഞാണ് ബാങ്ക് അധികൃതർ തന്നെ വിവരം അറിഞ്ഞത്.
കാമറയിൽ പതിഞ്ഞ ശരീരഭാഗങ്ങളിലൂടെയാണ് അന്ന് പ്രതിയെ പിടികൂടാനായത്. മൂന്ന് വർഷം മുമ്പ് പുത്തൂരിലെ എ.ടി.എം കവർച്ച ചെയ്യാൻ ശ്രമിച്ചിരുന്നു. കൂർക്കഞ്ചേരിയിലെ കൗണ്ടറിൽ മുറിയുടെ ചുവർ തുരന്ന് കവർച്ച നടത്താനും ശ്രമമുണ്ടായി. ഈ സംഭവത്തിൽ ഇലക്ട്രീഷ്യന്മാരായ സഹോദരന്മാർ പിടിയിലായി. പൂത്തോൾ, കോലഴി, കിഴക്കെക്കോട്ട തുടങ്ങി നഗരത്തിലെ തിരക്കുള്ള സ്ഥലങ്ങളിൽ പോലും കവർച്ചാശ്രമം നടന്നു. കോലഴിയിൽ കാറിൽ കയർ കെട്ടി എ.ടി.എം മെഷീൻ കൊണ്ടുപോവാനും ശ്രമിച്ചു. എന്നിട്ടും പ്രതികളെ പിടികൂടാനോ വേണ്ടത്ര സുരക്ഷ ഏർപ്പെടുത്താനോ കഴിഞ്ഞില്ല.

ഉപകരണങ്ങൾ നോക്കുകുത്തി


കാമറകളിൽ തൊട്ടാൽ പോലും അലാറം മുഴങ്ങുന്ന ആധുനിക സംവിധാനങ്ങളുണ്ട്. അതുപോലും പല ബാങ്കുകളിലും പ്രവർത്തിക്കുന്നില്ല. ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി അറ്റകുറ്റപ്പണിയും ഇല്ല. ഹെൽമെറ്റോ മുഖം മൂടിയോ വെച്ച് മുഖം മറച്ചാണ് കവർച്ച നടത്തുന്നത്. അതും പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുന്നുണ്ട്. സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് കാമറുകളുടെ പ്രവർത്തനം നിശ്ചലമാക്കുന്നതിനുള്ള ശ്രമങ്ങളും നടത്താറുണ്ട്.

പുസ്തകം സാക്ഷി

ബാങ്കുകൾ, എ.ടി.എമ്മുകൾ, സ്‌കൂളുകൾ, വി.ഐ.പികളുടെ വീടുകൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പൊലീസ് പുസ്തകം വെച്ചിട്ടുണ്ട്. പട്രോളിംഗിനിടെ പൊലീസുകാർ അതിൽ ഒപ്പിടണം. സംശയാസ്പദ സാഹചര്യം കണ്ടാൽ വയർലെസിൽ ഉടൻ വിവരം കൈമാറാനും നിർദ്ദേശിച്ചിട്ടുണ്ട്. എ.സി.പിമാർക്കാണ് മേൽനോട്ട ചുമതലയെന്ന് ഉന്നത പൊലീസ് ഉദ്യോസ്ഥർ പറഞ്ഞു....