chekkutty-pava-nirmanam

തൃപ്രയാർ:പ്രളയത്തിൽ ഊടും പാവും തകർന്നു ജീവിതത്തിന്റെ ഇഴകൾ അകന്നുപോയി മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയ ചേന്ദമംഗലത്തെ കൈത്തറി നെയ്ത്ത് തൊഴിലാളികളെ സഹായിക്കുന്നതിനായി മണപ്പുറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌കിൽ ഡെവലെപ്‌മെന്റിലെ വിദ്യാർത്ഥികൾ ചേക്കുട്ടിപ്പാവകൾ നിർമിച്ചു നൽകി. പ്രളയത്തിൽ ഉപയോഗശൂന്യമായ കൈത്തറി വസ്ത്രങ്ങൾ ശുദ്ധീകരിച്ച് അണുവിമുക്തമാക്കി അതിൽ നിന്നും പാവകൾ നിർമ്മിക്കുകയും അവ വിറ്റുകിട്ടുന്ന തുക കൈത്തറി തൊഴിലാളികളുടെ ജീവിതം തിരിച്ചുപിടിക്കുന്നതിനായുള്ള പ്രവർത്തനം കേരളം ഏറ്റെടുത്തുകഴിഞ്ഞു.

ചേറിനെ അതിജീവിച്ച കുട്ടി അഥവാ ചേക്കുട്ടി എന്ന് പേരിട്ടു വിളിക്കുന്ന കുഞ്ഞൻ പാവ നിർമ്മാണത്തിലൂടെ നൂറു കണക്കിന് കുടുംബങ്ങൾക്കാണ് ആശ്വാസം നൽകുന്നത്. ആയിരം രൂപ മുതൽ വിലവരുന്ന ഒരു സാരിയിൽ നിന്നും 9,​000 രൂപ വരെ ഉള്ള പാവകൾ നിർമ്മിക്കാനാകുന്നു. ഈ തുക ചേന്ദമംഗലം കൈത്തറി തൊഴിലാളികളുടെ ഉന്നമനത്തിനായി ഉപയോഗിക്കും. വലപ്പാട് മണപ്പുറം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ 20,​000 രൂപ വിലമതിക്കുന്ന 700 പാവകൾ നിർമ്മിച്ചു. മണപ്പുറം ഫൗണ്ടേഷൻ നടത്തുന്ന പ്രളയ ദുരിതാശ്വാസ പ്രവർത്തങ്ങളുടെ തുടർച്ചയായി ശനിയാഴ്ച വലപ്പാട് മണപ്പുറം ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളും സ്റ്റാഫ് പ്രതിനിധികളും ചേക്കുട്ടി പാവകൾ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എം.ഡി. നന്ദകുമാറിന് കൈമാറി പ്രകാശനം ചെയ്തു.. .