കുന്നംകുളം: നഗരസഭയുടെ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിക്ക് ജീവന്‍ വച്ചതോടെ ചെറുവീടുകളും കുറഞ്ഞ സ്ഥലത്ത് വീട് വച്ചവര്‍ക്കും കടുത്ത ദുരന്തം. നഗരസഭ നല്‍കിയ ബയോ ബിന്നില്‍ നിന്നും പുഴുക്കള്‍ അരിച്ചറിങ്ങി വീടുകളില്‍ താമസിക്കുന്നത് പോലും ദുരിതമാകുന്നുവെന്നാണ് പരാതി. പൊതു സ്ഥലത്ത് മാലിന്യം തള്ളുന്നത് തടഞ്ഞ് ഉറവിട മാലിന്യ സംസ്കരണത്തിന് പ്രോത്സാഹനം നല്‍കുന്നതിനാണ് ബയോ ബിന്‍ പദ്ധതി നടപ്പിലാക്കിയത്.

വീടുകളിലുണ്ടാകുന്ന ബയോ മാലിന്യം ബക്കറ്റില്‍ നിക്ഷേപിച്ച് വളമാക്കി മാറ്റുന്നതായിരുന്നു പദ്ധതി. എന്നാല്‍ ബയോ ബിന്നില്‍ തള്ളുന്ന മാലിന്യം മുഴുവന്‍ ആദ്യം ഉണക്കിയ ശേഷം നിക്ഷേപിക്കണം. കഞ്ഞിവെള്ളവും, ഭക്ഷണാവശിഷ്ടങ്ങളും എങ്ങനെ ഉണക്കിയെടുക്കുമെന്നറിയാതെ കുഴങ്ങുകയാണ് ഉപയോക്താക്കൾ. ബക്കറ്റില്‍ ഈര്‍പ്പമുണ്ടെങ്കിൽ പുഴുക്കളായി മാറി പിന്നീട് വീട്ടിൽ കഴിയുക തന്നെ ദുസഹമാകും.

രണ്ട് സെന്റ് മുതല്‍ കുറഞ്ഞ സ്ഥലത്ത് വീട് വച്ച് താമസിക്കുന്നവര്‍ക്കാണ് ഏറെ ദുരിതം. നഗരസഭ സ്ഥാപിച്ച ടിന്നുകളിലും പൊതു സ്ഥലത്ത് മാലിന്യം തള്ളുന്ന സ്ഥലങ്ങളിലുമായുരുന്നു ഇവ ആദ്യം സ്ഥാപിച്ചിരുന്നത്. ശുചീകരണ തൊഴിലാളികൾ പിന്നീട് ഇത് ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് മാറ്റും. ഇതൊഴിവാക്കി നഗരം ശുചീകരിക്കുന്നതിനായാണ് പുതിയ പദ്ധതി പ്രാവർത്തികമാക്കിയതെങ്കിലും മാലിന്യം തള്ളുന്നതിനോ സംസ്കരണത്തിനോ ക്രിയാത്മക നടപടി സ്വീകരിക്കാത്തതാണ് ദുരന്തത്തിന് കാരണം.

 വളം ഇതുവരെയില്ല

ബയോ ബിന്നില്‍ നിന്നും വളം ലഭ്യമാകുമെന്ന് അറിയിച്ചാണ് സ്ഥാപിച്ചെങ്കിലും ഇതേവരെ ഒരാൾക്കും കിട്ടിയിട്ടില്ല. മാലിന്യം കുമിഞ്ഞ് ബയോബിൻ മലിനമാകുന്നത് മാത്രമാണ് നടക്കുന്നത്. കൃത്യമായ പരിഹരമില്ലാതെ ബയോബിന്‍ നല്‍കിയതും ഇത് ഉപയോഗിക്കാന്‍ കഴിയുന്നതാണെങ്കില്‍ ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്യണമെന്നാണ് വീട്ടുകാർ പറയുന്നത്. ഫലത്തിൽ ബയോബിൻ ചടങ്ങ് തീര്‍ക്കൽ മാത്രമായി മാറി.

- ബിജു സി ബേബി, നഗരസഭാ കൗണ്‍സിലര്‍.

ചടങ്ങ് തീർത്തു, ജനം പെട്ടു

 ദുരിതത്തിലായത് ചെറിയ സ്ഥലത്ത് വീടുള്ളവർ

 മാലിന്യം ഉണക്കി നിക്ഷേപിക്കൽ അപ്രായോഗികം

 നഗരം ശുചീകരിക്കാനൊരുങ്ങി വീടുകൾ മലിനം

 മാലിന്യ സംസ്കരണ പരിശീലനം കിട്ടിയില്ലെന്ന്

 ചടങ്ങ് തീർക്കലായി ബയോബിൻ പദ്ധതി മാറി