ചാലക്കുടി: മൂന്ന് ജില്ലകളിലായി നടന്ന എ.ടി.എം കവർച്ചയിൽ റെയിൽവേ സ്റ്റേഷനുകളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം മുന്നേറുന്നു. സി.സി.ടി.വി കാമറകളുടെ പരിശോധനയും നടക്കുന്നുണ്ട്.
പ്രതികൾ ട്രെയിനിൽ രക്ഷപ്പെട്ടു എന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. മൂന്നു സംഘമായി തിരിഞ്ഞാണ് അന്വേഷണം. കോട്ടയം, എറണാകുളം, ചാലക്കുടി സംഘങ്ങൾ നടത്തുന്ന അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത് ഐ.ജിയാണ്. എറണാകുളത്തെ സംഘം ഡൽഹിയിലേക്ക് പോയിട്ടുണ്ട്.
കൊരട്ടിയിലെ അന്വേഷണ സംഘം ഉടൻ ഗോവയിലേക്ക് പോയേക്കും. രാവിലെയുള്ള ധൻബാദ് എക്‌സ് പ്രസ് ട്രെയിനിലാണ് മോഷ്ടാക്കൾ കടന്നതെങ്കിൽ ഗോവയുമായി ബന്ധമുണ്ടാകാമെന്നാണ് പൊലീസിന്റെ കണക്കൂട്ടൽ. അതിനിടെ മൊബൈൽ ടവർ നീരീക്ഷിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കവർച്ച നടന്ന സ്ഥലങ്ങളും രക്ഷപ്പെടാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് മൊബൈൽ ടവർ പരിശോധന. ശ്രമകരമായ ദൗത്യമാണെങ്കിലും നിർണ്ണായക തെളിവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. ചാലക്കുടിയിൽ ജുവലറി കവർച്ചകേസിൽ തുമ്പുണ്ടായത് മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ്.
എ.ടി.എം കൗണ്ടറിലെ കാമറകളിൽ കണ്ട പ്രതികളാണോ ചാലക്കുടി റെയിൽവെ സ്റ്റേഷൻ റോഡിലെ കാമറയിൽ പതിഞ്ഞതെന്ന് പൊലീസ് ഉറപ്പിച്ചിട്ടില്ല. കവർച്ചയിലെ പ്രധാനിയെന്ന് തോന്നിച്ച തടിച്ച ശരീരമുള്ളയാൾ ചാലക്കുടിയിലെ ദൃശ്യത്തിൽ ഇല്ലാത്തതാണ് പൊലീസിനെ കുഴക്കുന്നത്.