തൃശൂർ: ദൃശ്യമാദ്ധ്യമങ്ങളുടെയും മൊബൈൽഫോണുകളുടെയും അമിത ഉപയോഗം കുട്ടികളുടെ കാഴ്ച വികലമാക്കുമ്പോൾ അവർക്ക് ഉൾക്കാഴ്ചയും ചികിത്സയും ലഭ്യമാക്കുന്ന 'ദൃഷ്ടി പദ്ധതി" ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലെയും സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നു.
'കുട്ടികളുടെ കാഴ്ചക്കുറവിന് ആയുർവേദപരിഹാരം" എന്ന കാഴ്ചപ്പാടിൽ ഭാരതീയ ചികിത്സാ വകുപ്പ് അഞ്ചു വർഷം മുമ്പ് തുടങ്ങിയ പദ്ധതി ഫലം കണ്ടതോടെയാണ് കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ, ആയുർവേദ നേത്രവിദഗ്ദ്ധർ അടങ്ങിയ സംഘം സ്കൂളുകളിൽ പോയി നേത്രപരിശോധന നടത്തിയാണ് നേത്രവൈകല്യമുള്ള കുട്ടികളെ കണ്ടെത്തുന്നത്. ഒ.പി. വിഭാഗങ്ങളിൽ നിന്നും ഇത്തരം കുട്ടികളെ കണ്ടെത്താറുണ്ട്. പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കുട്ടികൾക്ക് കൃത്യമായ ഇടവേളകളിൽ പരിശോധനയും മരുന്നുകളും ചികിത്സയും സൗജന്യമായി നൽകും. തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ നേത്രസംരക്ഷണ ബോധവത്കരണ പരിപാടികളും നടക്കുമെന്ന് പദ്ധതിയുടെ സംസ്ഥാന കൺവീനർ ഡോ. പി.കെ നേത്രദാസ് പറഞ്ഞു. 26 സ്കൂളുകളിലാണ് പദ്ധതി നിലവിലുളളത്. എല്ലാ മണ്ഡലങ്ങളിലെയും രണ്ട് സ്കൂളുകളെയാണ് തെരഞ്ഞെടുത്തത്.
ലക്ഷ്യങ്ങൾ:
ഏഴിനും പതിനേഴിനും ഇടയ്ക്കുള്ള കുട്ടികളുടെ റിഫ്രാക്ടീവ് എറർ എന്ന വിഭാഗത്തിലുളള കാഴ്ചാവൈകല്യങ്ങൾ (ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, വിഷമദൃഷ്ടി) എന്നിവ പരിഹരിക്കും.
വൈകല്യങ്ങൾ മുൻകൂട്ടി കണ്ടെത്തും. നേത്രസംരക്ഷണത്തെയും ആഹാരരീതികളെയും കുറിച്ച് അവബോധം നൽകും
മരുന്നുകളും നേത്രവ്യായാമവും കൊണ്ട് സമഗ്ര ആരോഗ്യവും രോഗപ്രതിരോധശക്തിയും പഠനനിലവാരവും വർദ്ധിപ്പിക്കും
നേട്ടങ്ങൾ:
പ്രയോജനം കിട്ടിയ കുട്ടികൾ 850 ലേറെ
ചികിത്സയ്ക്കു ശേഷം കണ്ണട ഒഴിവാക്കിയവർ 125
കാഴ്ചശക്തി കൂടുകയും കണ്ണടയുടെ പവർ കുറയ്ക്കുകയും ചെയ്തവർ 500
അടിക്കടി പവർ മാറ്റാതെ സംരക്ഷണം ലഭിച്ചവർ 225
ഭക്ഷണം:
പപ്പായ, മുരിങ്ങയില, മധുരക്കിഴങ്ങ്, പച്ചക്കായ, ചക്ക, മാങ്ങ, നെല്ലിക്ക, കറിവേപ്പില, മഞ്ഞൾ, പേരയ്ക്ക തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നേത്രവൈകല്യങ്ങൾ ഒഴിവാക്കാം.
ശ്രദ്ധിക്കാൻ :
വെയിൽ, കാറ്റ്, പൊടി ഒഴിവാക്കുക.
ടി.വി, മൊബൈൽ, കമ്പ്യൂട്ടർ ഉപയോഗം കുറയ്ക്കുക.
വെളിച്ചം ഇല്ലാത്ത സ്ഥലത്തിരുന്നും കിടന്നും വായിക്കരുത്
ശരീരം ചൂടായിരിക്കുമ്പോൾ തണുത്തവെള്ളത്തിൽ കുളിക്കരുത്.
മലമൂത്ര വിസർജ്ജനം തടഞ്ഞുനിറുത്തരുത്
'' തൃശൂർ ഗവ.ആയുർവേദ ആശുപത്രിയിലും ഇരിങ്ങാലക്കുട ഗവ.ആയുർവേദ ആശുപത്രിയിലും വിദഗ്ദ്ധ ഡോക്ടർമാരുടെ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ വൈകല്യങ്ങൾ കണ്ടെത്തി ഫലപ്രദമായ ചികിത്സയാണ് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നത്. വരുംവർഷങ്ങളിലും പദ്ധതി വ്യാപിപ്പിക്കും."
-ഡോ.എസ്. ഷിബു (ജില്ലാ ആയുർവേദ മെഡിക്കൽ ഒാഫീസർ)