തൃശൂർ: ഗാർഹിക പീഡനം അനുഭവിക്കുന്ന ജില്ലയിലെ വീട്ടമ്മമാരിൽ ഭൂരിഭാഗവും 30നും 45നും മദ്ധ്യേ പ്രായമുള്ളവർ. മുൻവർഷങ്ങളെ അപേക്ഷിച്ച് പീഡനം അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്,​ പരാതിപ്പെടാൻ കൂടുതൽ പേർ തയ്യാറാകുന്നുമുണ്ട്. പീഡനത്തിന് ഇരയാകുന്നവരിൽ കൂടുതലും തൊഴിൽരഹിതരായ വീട്ടമ്മമാരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമാണെന്ന് ജില്ലാ വിമൺ പ്രൊട്ടക്‌ഷൻ ഓഫീസിന് ലഭിച്ച പരാതികളിൽ വ്യക്തമാകുന്നു.

ഗാർഹിക പീഡനത്തിന്റെ ഇരകളിൽ ഏകദേശം 40 ശതമാനം പേരും തൊഴിൽരഹിതർ ആണെന്നാണ് ജില്ലയിലെ കണക്ക്. സ്വന്തമായി ജോലിയും വരുമാനവുമുള്ളവർക്ക് നേരെയും അതിക്രമം കുറവല്ല. ശാരീരിക പീഡനത്തേക്കാൾ മാനസീക പീഡനമാണ് സ്ത്രീകളെ തളർത്തുന്നത്. ഭർത്താവിന്റെ മദ്യപാനം മയക്കുമരുന്നുശീലം തുടങ്ങി സംശയം, അവിഹിതബന്ധം ആരോപിക്കൽ,​ സാമൂഹിക മാദ്ധ്യമങ്ങളുടെ ഉപയോഗം എന്നിങ്ങനെയുള്ളവ കുടുംബപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. വീട്ടുകാരുടെ അമിത ഇടപെടലും പീഡനത്തിന് കാരണമാകുന്നു.

 പരാതിയുമായി കൂടുതൽ പേർ
കുട്ടികളുടെ ഭാവി ആലോചിച്ചും മാനക്കേട് ഭയന്നും സ്ത്രീകൾ പരാതിപ്പെടാതെ മാറിനിന്നിരുന്നു. നിയമങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലും കേസ് ഒത്തുതീർപ്പാകാൻ വർഷങ്ങളെടുക്കുമെന്ന ചിന്തയും നടത്തിപ്പിനായുള്ള ചെലവും ആലോചിച്ച് പരാതിയിൽ നിന്നും പിന്മാറുന്നവരുണ്ട്. എന്നാൽ, നിരന്തര ബോധവത്കരണവും മറ്റും കൊണ്ട് പരാതികൾ തുറന്നുപറയാനും നിയമനടപടി സ്വീകരിക്കാനും മുന്നോട്ടുവരുന്നവരുണ്ട്. ഓരോ വർഷവും പരാതികളുടെ എണ്ണം കൂടുന്നത് അതിക്രമങ്ങൾ കൂടുന്നതുകൊണ്ടല്ല, റിപ്പോർട്ട് ചെയ്യുന്നതിനാലാണെന്ന് അധികൃതർ പറയുന്നു.

 എല്ലാം സൗജന്യം
നിയമസഹായം, ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം, കൗൺസലിംഗ്, ബോധവത്കരണ ക്ലാസുകൾ, ഷെൽട്ടർ ഹോമിൽ താമസം, ഭക്ഷണം എന്നിങ്ങനെയുള്ള വിമൻ പ്രൊട്ടക്‌ഷൻ ഓഫീസിന്റെ സേവനങ്ങളെല്ലാം സൗജന്യമാണ്. ജില്ലാ ലീഗൽ സർവീസിന്റെ നേതൃത്വത്തിലും ആവശ്യമായ നിയമസഹായങ്ങൾ സൗജന്യമായി നൽകുന്നുണ്ട്. ഇത്തരം കേസിൽ അകപ്പെടുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴിൽപരിശീലനവും വ്യവസായം ആരംഭിക്കാനുള്ള മൂലധനവും നൽകും.

വിവാഹപൂർവ കൗൺസലിംഗ്

ദാമ്പത്യജീവിതം ആരംഭിക്കുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും കൗൺസലിംഗ് നൽകിയാൽ ഒരു പരിധിവരെ പ്രശ്നങ്ങൾ കുറയും. വിവാഹത്തിന് മുൻപേ വിവാഹജീവിതത്തെക്കുറിച്ച് കൃത്യമായി അറിയേണ്ടതുണ്ട്. ഇതിനായി കൗൺസലിംഗ് സെന്ററുകൾ ആരംഭിക്കണം

-എസ്. ലേഖ (വിമൺ പ്രൊട്ടക്‌ഷൻ ഓഫീസർ, തൃശൂർ)


പീഡന പരാതികൾ

2016-17 : 124
2017-2018 : 106
2018 -2019: 197 (ആഗസ്റ്റ് വരെ)