തൃശൂർ: രണ്ടു വർഷത്തെ കാലയളവിൽ നിരവധി പദ്ധതികൾ നടപ്പിലാക്കി സംതൃപ്തിയോടെയാണ് കൊച്ചിൻ ദേവസ്വം ബോർഡ് ഭരണസമിതി കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്നതെന്നും ബോർഡിന്റെ കൈയേറിയ എട്ട് ഏക്കർ സ്ഥലം തിരിച്ചു പിടിച്ചതായും പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ. 223 ഏക്കർ 63 സെന്റ് ഭൂമി അളന്ന് തിട്ടപ്പെടുത്തി. 97ഏക്കർ 46 സെന്റ് സ്ഥലത്ത് കൈയേറ്റം കണ്ടെത്തി.

തൃപ്പൂണിത്തുറയിൽ 50.45 ഏക്കർ ഭൂമി തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. ബോർഡിന്റെ കീഴിലുള്ള ക്ഷേത്രഭൂമികളിലെ കൈയേറ്റം തടയാനും അന്യാധീനപ്പെട്ട ക്ഷേത്രഭൂമികൾ തിരിച്ചുപിടിക്കാനും ഫലപ്രദമായ നടപടികളെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. 15 കോടിയുടെ മരാമത്ത് പണികളാണ് പൂർത്തിയായത്. തൃശൂർ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്റെ സൗന്ദര്യവത്കരണത്തിനായുള്ള 13.6 കോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ മാതൃകാപ്ലാൻ തയ്യാറാക്കി ഹൈക്കോടതിയുടെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. തിരുവില്വാമല ക്ഷേത്രം പുനരുദ്ധാരണം കോടതിയുടെ അനുമതി ലഭിച്ചാലുടൻ ആരംഭിക്കും.

തൃശൂർ പൂരം എക്‌സിബിഷനോടനുബന്ധിച്ച് കൊച്ചിൻ ദേവസ്വം ബോർഡിന് ലഭിക്കേണ്ടതായ വാടകയിനത്തിൽ വരുമാന വർദ്ധന വരുത്താൻ ഭരണസമിതിക്ക് കഴിഞ്ഞു. ദേവസ്വം ബോർഡിന്റെ കീഴിൽ 403 ക്ഷേത്രങ്ങളാണുള്ളത്. മൂന്നു ക്ഷേത്രങ്ങൾ കൂടി ഏറ്റെടുത്തിട്ടുണ്ട്. ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് 15 ക്ഷേത്രങ്ങൾ കൂടി ബോർഡിന് അപേക്ഷ നൽകിയിട്ടുണ്ട്. നൂറു കോടി രൂപ ദേവസ്വം ബോർഡിന് സ്ഥിരനിക്ഷേപമായിട്ടുണ്ട്. ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോർഡ് നൽകി. മൂന്നു വർഷമായിരുന്ന ബോർഡിന്റെ കാലാവധി ഓർഡിനൻസിലൂടെ രണ്ടു വർഷമായി കുറച്ചതോടെയാണ് ഭരണസമിതിക്ക് പടിയിറങ്ങേണ്ടി വന്നത്. അതിനാൽ പല പദ്ധതികളും തുടങ്ങാൻ മാത്രമേ കഴിഞ്ഞുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ബോർഡ് മെമ്പർമാരായ കെ.എൻ. ഉണ്ണിക്കൃഷ്ണൻ, അഡ്വ. ടി.എൻ. അരുൺകുമാർ എന്നിവരും പങ്കെടുത്തു.