തൃശൂർ: റഫാൽ യുദ്ധവിമാന അഴിമതി സംയുക്ത പാർലമെന്ററി സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാതെ കോൺഗ്രസ് അടുത്ത തിരഞ്ഞെടുപ്പിലേക്ക് പോകില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം പി.സി. ചാക്കോ. റഫാൽ അഴിതിയിൽ പ്രധാനമന്ത്രി രാജിവയ്ക്കുക, ജെ.പി.സി അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റഫാൽ അഴിമതി മൂടിവയ്ക്കാനുള്ള ശ്രമങ്ങളും അംബാനിമാർക്ക് രാജ്യത്തിന്റെ സമ്പത്ത് തീറെഴുതിക്കൊടുക്കുന്ന ചങ്ങാത്ത മുതലാളിത്തവുമാണ് ഇപ്പോൾ നടക്കുന്നത്. ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ച അനിൽ അംബാനിയുടെ കമ്പനിക്ക് 1,30,000 കോടി രൂപയുടെ കരാറാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മദ്ധ്യസ്ഥതയിൽ റഫാൽ ഇടപാടിൽ നൽകിയത്. കരാറുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിക്കൊപ്പം ഫ്രാൻസിൽ പോയത് പ്രതിരോധമന്ത്രിയോ വിദേശകാര്യമന്ത്രിയോ ആയിരുന്നില്ല അനിൽ അംബാനിയായിരുന്നുവെന്നും ചാക്കോ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപൻ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റുമാരായ ഐ.പി. പോൾ സ്വാഗതവും രാജേന്ദ്രൻ അരങ്ങത്ത് നന്ദിയും പറഞ്ഞു. അനിൽ അക്കര എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പത്മജ വേണുഗോപാൽ, വി. ബാലറാം, സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, നേതാക്കളായ എം.പി. ഭാസ്‌കരൻ നായർ, തേറമ്പിൽ രാമകൃഷ്ണൻ, ഒ. അബ്ദുറഹിമാൻ കുട്ടി, പി.എ. മാധവൻ, ടി.വി. ചന്ദ്രമോഹൻ, എം.കെ. പോൾസൺ, എം.പി. വിൻസെന്റ്, ജോസഫ് ചാലിശ്ശേരി, ടി.യു. ഉദയൻ, ജോസ് വള്ളൂർ, ജോസഫ് ടാജറ്റ്, ഡോ. നിജി ജസ്റ്റിൻ എന്നിവർ ങ്കെടുത്തു.