മാള: പ്രളയത്തെ അതിജീവിച്ച് മനസിനെ പാകപ്പെടുത്തിയ കർഷകർ മണ്ണിൽ പൊന്നു വിളയിക്കാൻ ഉയിർത്തെഴുന്നേൽക്കുന്നു. പ്രളയം തകർത്ത കാർഷിക ഗ്രാമമായ കുണ്ടൂരിൽ വീണ്ടും പച്ചപ്പിന്റെ നാമ്പിടുകയാണ്. അതിരാത്രവും കാർഷിക സമ്പന്നതയും കൊണ്ട് ശ്രദ്ധേയമായ കുണ്ടൂരിന്റെ സമൃദ്ധിയെ തുടച്ചുനീക്കിയാണ് പ്രളയം കടന്നുപോയത്. 15 അടി വരെ ഉയർന്ന പ്രളയജലത്തിൽ എല്ലാം നഷ്ടപ്പെട്ട കർഷകർ ഇനി ഒന്നിൽ നിന്ന് തുടങ്ങണം.
പ്രളയശേഷം രണ്ട് മാസമായിട്ടും യാതൊന്നും ലഭിച്ചില്ലെന്ന് പരിഭവിക്കാതെ മനസിനൊപ്പം മണ്ണും പാകപ്പെടുത്തി കാർഷിക മേഖലയ്ക്ക് പുതുജീവൻ പകരുകയാണിവർ. കുഴൂർ പഞ്ചായത്തിലെ പ്രധാന കാർഷിക മേഖലയായ കുണ്ടൂരിൽ നിരവധിപേരാണ് സർക്കാർ സഹായത്തിന് കാത്തുനിൽക്കാതെ മണ്ണിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നത്. പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോൾ തന്നെ വീണ്ടും ഇവർ കൃഷിയിൽ സജീവമായി.
കോട്ടയ്ക്കൽ ഷാജു, ചുങ്കത്തുപ്പറമ്പിൽ മുരുകൻ, കാഞ്ഞിരത്തിങ്കൽ ബാബു തുടങ്ങിയ മേഖലയിലെ പ്രധാന കർഷകരെല്ലാം നിലമൊരുക്കി കൃഷിതുടങ്ങി. ഓണത്തിന് വിളവെടുക്കാനിരുന്ന ആയിരക്കണക്കിന് വാഴകളും പച്ചക്കറികളുമാണ് ഇവർക്ക് നഷ്ടമായത്. ഷാജുവിന് മാത്രം രണ്ടായിരത്തിലധികം വാഴകൾ നഷ്ടപ്പെട്ടു. നേന്ത്രവാഴ, പൂവൻ, റോബസ്റ്റോ, ഞാലിപ്പൂവൻ തുടങ്ങിയവയാണ് വ്യാപകമായി കൃഷി ചെയ്തിരുന്നത്. വെണ്ട, പയർ, മുളക്, ചീര എന്നിവയും ഓണത്തിന് വിളവെടുക്കാൻ പാകമായിരുന്നു.
പല കർഷകരും ബാങ്ക് വായ്പയെടുത്താണ് കൃഷിയിറിക്കിയിരുന്നത്. തിരിച്ചടയ്ക്കാൻ ഓണക്കാലത്ത് വരുമാനമില്ലാതായതോടെ പലരും പ്രതിസന്ധിയിലായി. പ്രളയത്തിൽ നിന്ന് കരകയറി കൃഷിയിറക്കിയപ്പോൾ വീണ്ടും മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കർഷകരെ ആശങ്കയിലാക്കിയിരുന്നു. പ്രളയവും കാറ്റും വരൾച്ചയും ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയും വരുന്നിടത്ത് വച്ച് കാണാമെന്ന ഉറപ്പിൽ മണ്ണിൽ മനസ് അർപ്പിച്ചിരിക്കുകയാണ് കുണ്ടൂരിലെ കർഷകർ.
ആശങ്കയും പ്രതീക്ഷയും
പ്രളയശേഷം വാഴകൾക്ക് ഇപ്പോൾ ഒരു മാസം വളർച്ചയെത്തി. വിവിധ ഇനങ്ങളിലുള്ള രണ്ടായിരം വാഴകളാണ് വീണ്ടും പ്രതീക്ഷകളോടെ പരിപാലിക്കുന്നത്. സ്വന്തം സ്ഥലം കൂടാതെ പാട്ടത്തിനെടുത്ത ഏഴേക്കറിൽ കൂടി കൃഷിയിറക്കിയിട്ടുണ്ട്. ബാങ്കിൽ നിന്നെടുത്ത നാല് ലക്ഷം രൂപ തിരിച്ചടയ്ക്കേണ്ട ദിവസം അടുത്തെത്തിയതോടെ ആശങ്കയുമുണ്ട്.
- കോട്ടയ്ക്കൽ ഷാജു, കർഷകൻ