തൃശൂർ: രണ്ടു വർഷത്തിനുള്ളിൽ നടത്തിയ വികസനപ്രവർത്തനങ്ങളും സാമ്പത്തിക അച്ചടക്കവും മികവായി ഉയർത്തിക്കാട്ടുമ്പോഴാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആദ്യ ദളിത് പ്രസിഡന്റ് ഡോ. എം.കെ. സുദർശനൻ പടിയിറങ്ങുന്നത്. വരുമാനനഷ്ടം പരിഹരിക്കാൻ ദേവസ്വം വിജിലൻസ് പ്രയോജനപ്പെടുത്തിയും കൈയേറ്റങ്ങൾ കണ്ടെത്തി ഭൂമി തിരിച്ചുപിടിക്കാൻ ശക്തമായ നടപടികളെടുത്തതും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ബോർഡിന്റെ വരുമാനം മൂന്നിൽ രണ്ടുഭാഗവും പലവഴികളിലൂടെ ചോർന്നുപോകുമ്പോൾ അത് തിരിച്ചുപിടിക്കാനുള്ള നടപടികളാണ് ആദ്യം ചെയ്തത്. ഭരണത്തിൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തി.
ക്ഷേത്രങ്ങളുടെ ഏഴയലത്ത് പോലും നിൽക്കാൻ കഴിയാതിരുന്ന ഒരു ജനവിഭാഗത്തിൽ നിന്നുളള പ്രതിനിധിയായ തന്നെ ഈ സ്ഥാനം ഏൽപ്പിച്ചത് സാമൂഹ്യനവോത്ഥാനത്തിന്റെ ഭാഗം കൂടിയാണെന്നും ഇനി ചികിത്സാരംഗത്ത് സജീവമാകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 2016 ഡിസംബർ 5നാണ് ഭരണസമിതി ചുമതലയേറ്റത്. മൂർക്കനിക്കര സ്വദേശിയായ ഡോ. സുദർശൻ സി.പി.എം. പ്രാദേശിക നേതാവാണ്.
പട്ടികജാതി ക്ഷേമസമിതി ജില്ലാ വൈസ് പ്രസിഡന്റ്, കെ.എസ്.കെ.ടി.യു. മണ്ണുത്തി ഏരിയാ പ്രസിഡന്റ് എന്നീ പദവികളും വഹിക്കുന്നുണ്ട്. മുൻമന്ത്രിയും കർഷക തൊഴിലാളി അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായിരുന്ന എം.കെ. കൃഷ്ണന്റെയും വർക്കിംഗ് വിമൻസ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റുമായിരുന്ന രൂക്മിണിയുടെയും മകനാണ് ഡോ.സുദർശൻ.
പ്രവർത്തനങ്ങളിലൂടെ
ദേവസ്വം ബോർഡിന്റെ വരുമാനം ചോരുന്നത് തിരിച്ചുപിടിക്കാൻ നടപടി
തൃശൂർ പൂരം നടത്തിപ്പിൽ ദേവസ്വം ബോർഡിന്റെ ഇടപെടൽ ശ്രദ്ധേയമായി
അഗ്‌നിബാധയുണ്ടായ തിരുവില്വാമല ക്ഷേത്രം 2 മാസത്തിനകം പുനർനിർമ്മാണം
തിരുവമ്പാടി ക്ഷേത്രത്തിലെ സ്വർണ്ണം, വെള്ളി സൂക്ഷിപ്പിലെ അപാകത തിരുത്തി