തൃശൂർ: ശബരിമല ഉൾപ്പെടെയുള്ള ഹിന്ദുക്ഷേത്രങ്ങളിലെ ആചാരലംഘന നീക്കങ്ങൾക്കെതിരെ പൂരപ്രേമിസംഘം 19ന് വൈകിട്ട് അഞ്ചിന് സർവാർപ്പണം നടത്തും. നഗരത്തിലെയും പരിസരങ്ങളിലെയും 18 ശാസ്താക്ഷേത്രങ്ങളിൽ നിന്നും 18 അയ്യപ്പജ്യോതികൾ വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ മണികണ്ഠനാൽ ക്ഷേത്രത്തിന് മുന്നിൽ സംഗമിക്കും. അയ്യപ്പജ്യോതികൾ ശ്രീമൂലസ്ഥാനത്ത് അണിനിരക്കും. നിറകുടം നെയ്യ്, കദളിക്കുലകൾ, കൂവളദളങ്ങൾ എന്നിവ വടക്കുന്നാഥനിൽ സർവാർപ്പണം നടത്തും. ക്ഷേത്രമതിലിന് പുറത്ത് ഭക്തരുടെ ശാസ്ത്രസഹസ്ര നാമഘോഷ പ്രദക്ഷിണത്തോടെ മണികണ്ഠനാൽ ക്ഷേത്രത്തിന് മുന്നിൽ കർപ്പൂരാരതിയും സർവ്വാർപ്പണ പ്രതിജ്ഞയും നടക്കും. 1008 നാളികേരങ്ങൾ ഉടച്ച് ഹരിവരാസന ജപത്തോടെ സർവാർപ്പണ യജ്ഞം പൂർത്തിയാകും. പത്രസമ്മേളനത്തിൽ കോരമ്പത്ത് ഗോപിനാഥൻ, വി. നന്ദകുമാർ, ടി. ബൈജു, അനിൽകുമാർ മൊച്ചാട്ടിൽ, വിനോദ് കണ്ണംകാവിൽ എന്നിവർ പങ്കെടുത്തു.