choot-2018
ചൂട്ട് 2018 ഗീത ഗോപി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

വാടാനപ്പിള്ളി: പ്രളയ പശ്ചാത്തലത്തിൽ ഏങ്ങണ്ടിയൂർ പഞ്ചായത്ത് തൃശൂർ നാട്ടുകാരകൂട്ടം, കൈരളി ഗ്രാമീണ കലാവേദി, തിരുമംഗലം കുടുംബ വേദി എന്നിവരുടെ സഹകരണത്തോടെ പ്രദേശിക സംഘാടക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ''ചൂട്ട് 20l8 "വേറിട്ട കലാകൂട്ടായ്മയായി. നൂറോളം നാടൻ കലാകാരൻമാരുടെ സംഗമഭൂമിയിൽ നടന്ന ചടങ്ങ് ഗീത ഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചൂട്ട് ചെയർമാനും പഞ്ചായത്ത് പ്രസിഡന്റുമായ ഉദയ് തോട്ടപ്പുള്ളി അദ്ധ്യക്ഷനായി.

കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ.വി. രാമകൃഷ്ണൻ മുഖ്യാതിഥിയായി. നാടൻ പാട്ടിനെ ജനകീയമാക്കിയ അറുമുഖൻ വെങ്കിടങ്ങിനെ പ്രഥമ ചൂട്ട് പുരസ്കാരം നൽകി അദ്ദേഹം ആദരിച്ചു. പ്രളയബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് സെന്റ് സ്ഥലം സംഭാവന ചെയ്ത പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.വി. അശോകൻ, മുല്ലനേഴി പുരസ്കാര ജേതാവ് കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഫോക്‌ലോർ അവാർഡ് ജേതാക്കൾ എന്നിവരെ നാട്ടുകലാകൂട്ടം സംസ്ഥാന ചെയർമാൻ രമേശ് കരിന്തലക്കൂട്ടം ആദരിച്ചു.

പഞ്ചായത്തിലെ നാടൻപാട്ട് കലാകാരൻമാർ, ഏങ്ങണ്ടിയൂർ സ്വദേശിനി ദേവിക എന്നിവരെ ചടങ്ങിൽ ആദരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ മണികണ്ഠൻ കൈരളി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇർഷാദ് കെ. ചേറ്റുവ, ഉണ്ണിക്കൃഷ്ണൻ കാര്യാട്ട്, പി.എം. മുഹമ്മദ് റാഫി, ആരി പ്രേമൻ എന്നിവർ പ്രസംഗിച്ചു. ചൂട്ട് 2018 ന്റെ ഭാഗമായി "പ്രളയാനന്തര കേരളവും, സുസ്ഥിര വികസനവും " എന്ന വിഷയത്തിൽ സെമിനാറും, "കുരുത്തോല കൈവേല "കരകൗശല നിർമാണവും, നാട്ടറിവ് പങ്ക് വയ്ക്കലും നടന്നു.