തൃശൂർ: പൂങ്കുന്നത്തെ ബേക്കറിയിൽ നിന്ന് വാങ്ങിയ ലോലിപോപ്പിൽ നിന്ന് കമ്പിക്കഷ്ണം കണ്ടെത്തിയ സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥാപനം പരിശോധിച്ച് മിഠായിയുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ഏറണാകുളം റീജിയണൽ ലബോറട്ടറിയിലേക്കാണ് പരിശോധനയ്ക്ക് അയച്ചത്. റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. സ്ഥാപനം ലൈസൻസിന് പകരം രജിസ്‌ട്രേഷൻ മാത്രമാണ് എടുത്തിരുന്നത്. ഇതേത്തുടർന്ന് രജിസ്‌ട്രേഷൻ റദ്ദാക്കി. ഫുഡ് സേഫ്ടി കമ്മിഷണർ ജി. ജയശ്രീയുടെ നിർദ്ദേശത്തെ തുടർന്ന് ഫുഡ് സേഫ്ടി ഓഫീസർമാരായ വി.കെ. പ്രദീപ് കുമാർ, കെ.കെ. അനിലൻ എന്നിവരാണ് പരിശോധന നടത്തിയത്.