railcam
പ്രവർത്തന രഹിതമായ കാമറകൾ

തൃശൂർ: പതിനായിരക്കണക്കിന് യാത്രക്കാരെത്തുന്ന തൃശൂർ റെയിൽവേ സ്റ്റേഷനിൽ നാലു മാസമായി സി.സി.ടി.വി. കാമറകൾ പ്രവർത്തിക്കുന്നില്ല. അടുത്തിടെ നഗരത്തിനകത്തും പുറത്തും ഗുരുതര കുറ്റകൃത്യങ്ങളിലേർപ്പെട്ടവർ ട്രെയിൻ മാർഗം രക്ഷപ്പെട്ടുവെന്ന സൂചനയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രഹസ്യമാക്കി വച്ച ഈ വിവരം പുറത്തുവന്നത്. സ്റ്റേഷനിലെ സി.സി. ടി.വി. പ്രവർത്തിച്ചിരുന്നുവെങ്കിൽ പ്രതികളുടെ ചിത്രങ്ങൾ അന്വേഷണത്തിൽ പൊലീസിന് നിർണായക തെളിവായി മാറുമായിരുന്നു. 2010 ൽ സ്ഥാപിച്ച കാമറകളുടെ പ്രവർത്തനശേഷി കാലപ്പഴക്കം മൂലം നിലച്ചു. അറ്റകുറ്റപണി നടത്തേണ്ട സ്വകാര്യ കരാറുകാർ തങ്ങളുടെ കാലാവധി പിന്നിട്ടതോടെ പിന്മാറിയതും തിരിച്ചടിയായി. സ്ഥിരമായി അറ്റകുറ്റപണി നടത്താൻ സംവിധാനമൊരുക്കേണ്ട റെയിൽവേ അധികൃതർ മിഴിയടച്ച് ഇരിപ്പാണ്. റെയിൽവേക്ക് കൂടുതൽ വരുമാനം ലഭ്യമാക്കുന്ന എവൺ സ്റ്റേഷനുകളിലൊന്നാണ് തൃശൂർ. മറ്റ് എവൺ സ്റ്റേഷനുകളായ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ കാമറകൾ പുതിയ സാങ്കേതിക വിദ്യയിലുള്ളതാണ്. തൃശൂരിനോട് റെയിൽവേ കാണിക്കുന്ന അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമാണ് കാമറകളുടെ അവസ്ഥയെന്ന് യാത്രക്കാരടക്കമുള്ള പരാതി.

2010ൽ മിഴി തുറന്നു

2010ൽ റെയിൽവേ സ്റ്റേഷനും പരിസരവും കാമറയുടെ നിരീക്ഷണ വലയത്തിൽ. സ്ഥാപിച്ചത് റെയിൽവേയുടെ സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ്. കരാർ കാലാവധി പിന്നിട്ടതോടെ അറ്റകുറ്റപ്പണിയിൽ നിന്ന് സ്വകാര്യ കരാറുകാർ പിൻവാങ്ങി. ടെലികമ്മ്യൂണിക്കേഷന് കീഴിലെ റെയിൽടെല്ലിലെ ജീവനക്കാർ ചില കാമറകൾ അറ്റകുറ്റപ്പണി നടത്തി. നാലുമാസം പിന്നിട്ടതോടെ മുഴുവനും മിഴിയടച്ചു. പുതിയ ടെക്നോളജിയിലുള്ള 18 കാമറകൾ റെയിൽടെൽ ജീവനക്കാർ സ്റ്റേഷന്റെ പലയിടങ്ങളിൽ സ്ഥാപിച്ചു. പക്ഷേ പ്രവർത്തിപ്പിക്കാനാവശ്യമായ അനുമതി ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് നൽകിയില്ല.

 രക്ഷപ്പെടൽ എളുപ്പം

അടുത്തിടെ ജില്ലയിൽ നടന്ന പല കവർച്ചാ കേസുകളിലും അന്യസംസ്ഥാനത്തുള്ളവർക്ക് പങ്കുള്ളതായി കണ്ടെത്തിയിരുന്നു. റോഡ് മാർഗമുള്ള യാത്രയിൽ പിടിക്കപ്പെടാനുള്ള സാദ്ധ്യത കൂടുതലായതിനാൽ ഇവരിൽ പലരും രക്ഷപ്പെടുന്നത് ട്രെയിൻ മാർഗമാണ്. പരിശോധന ഉണ്ടായാലും കംപാർട്ട്മെന്റുകൾ മാറിക്കയറി രക്ഷപ്പെടാനുള്ള സാദ്ധ്യതയുമുണ്ട്.

ഉപകാരമാകുമായിരുന്നു

സി.സി.ടി.വി. കാമറകൾ ഉണ്ടാകുന്നതിന് മുമ്പും അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, റെയിൽവേ സ്റ്റേഷനിൽ സി.സി.ടിവി. കാമറകളുണ്ടായിരുന്നുവെങ്കിൽ പ്രതികളെ പിടികൂടാൻ സഹായകമാകുമായിരുന്നു.

എം.കെ. പുഷ്കരൻ (റൂറൽ എസ്.പി)

കാര്യക്ഷമമായ നടപടിയെടുക്കണം

കവർച്ചക്കാരെ പിടികൂടാൻ മാത്രമല്ല, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിലും സി.സി.ടിവി കാമറകൾക്ക് വലിയ പങ്കുണ്ട്. സർക്കാർ സംവിധാനങ്ങളിൽ കാമറകൾ സ്ഥാപിക്കാൻ മാത്രമേ തിടുക്കമുള്ളൂ. അറ്റകുറ്റപ്പണിയുടെ കാര്യത്തിൽ ശുഷ്ക്കാന്തിയില്ല. ഇതുമൂലം പല കുറ്റകൃത്യങ്ങളിലും തെളിവായി ദൃശ്യങ്ങൾ ലഭിക്കുന്നത് വീട്ടുകാരും സ്വകാര്യ സ്ഥാപനങ്ങളും സ്ഥാപിച്ച കാമറകളിൽ നിന്നാണ്. സ്റ്റേഷനിലെ കാമറകൾ ഉടൻ പ്രവർത്തിപ്പിക്കാനാവശ്യമായ നടപടി റെയിൽവേ അധികൃതർ സ്വീകരിക്കണം.- പി. കൃഷ്ണകുമാർ (ജനറൽ സെക്രട്ടറി. തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ )

പുതുതായി സ്ഥാപിച്ച കാമറകൾ 18