തൃശൂർ: യുവതികൾ ശബരിമല ദർശനം ഒഴിവാക്കണമെന്നാണ് കോൺഗ്രസ് നിലപാടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തൃശൂരിൽ പറഞ്ഞു. എന്നാൽ,യുവതികളെ തടയില്ല. വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്റെ വാക്കുകൾ പാർട്ടി തീരുമാനമല്ല. പാർട്ടി വിശ്വാസികൾക്കൊപ്പമാണ്. ഇന്നു നടക്കുന്ന സമരത്തിൽ സുധാകരൻ പങ്കെടുക്കുന്നത് പാർട്ടി തീരുമാനപ്രകാരമാണ്. മറ്റ് നേതാക്കളും പങ്കെടുക്കുന്നുണ്ട്. ശബരിമലയെ കലാപ ഭൂമിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കരുത്. സർക്കാരിന് നിഗൂഢമായ അജണ്ടയുണ്ട്. റിവ്യൂ ഹർജി നൽകാത്തത് അതുകൊണ്ടാണ്. ഓർഡിനൻസ് കൊണ്ടുവരാൻ ബി.ജെ.പിക്ക് സാധിക്കുമായിരുന്നു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ നൽകുന്ന റിവ്യൂ പെറ്റീഷന് കോൺഗ്രസ് പിന്തുണ നൽകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.