തൃശൂർ: മലയാള പ്രൊഫഷണൽ നാടകവേദിക്ക് കൈത്താങ്ങായി കലാനിലയം കൃഷ്ണൻനായർ ഫൗണ്ടേഷൻ ഒരുക്കുന്ന 'സൽക്കല' കലാനിലയം പ്രൊഫഷണൽ തിയേറ്റർ ഫെസ്റ്റ് 2018 നവംബർ 4 മുതൽ 13 വരെ തൃശൂർ ടൗൺഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം നിർവഹിക്കും. കലാനിലയം കൃഷ്ണൻനായർ ഫൗണ്ടേഷന്റെ ഉദ്ഘാടനവും അന്നേദിവസം നടക്കും. തിരക്കഥാകൃത്ത് ജോൺപോളാണ് തിയേറ്റർ ഫെസ്റ്റിവെൽ ഡയറക്ടർ. ഫെസ്റ്റിൽ മൺമറഞ്ഞുപോയ നാടകഗുരുക്കന്മാരെ അനുസ്മരിക്കും. നാടകാചാര്യന്മാരെ ആദരിക്കും. വിദ്യാർത്ഥികൾക്കായുള്ള നാടകപഠന സെമിനാറുകളും അഭിനയകളരിയും ഇതോടനുബന്ധിച്ച് നടക്കും. പ്രവേശനം സൗജന്യപാസ് മൂലം നിയന്ത്രിക്കും. സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ, അനന്തപത്മനാഭൻ, ബിന്നി ഇമ്മട്ടി, ചാക്കോ ഡി. അന്തിക്കാട്, ബിനോ ജോർജ്ജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.